ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയ പ്ലസ്ടുക്കാരിയെ മോചിപ്പിച്ചു; മുഖ്യപ്രതി പിടിയിൽ
Tuesday, September 16, 2025 1:51 AM IST
വൈക്കം: ഗുണ്ടാസംഘം വീട്ടിൽനിന്നു തട്ടിക്കൊണ്ടുപോയ കല്ലറ തെക്കേമുണ്ടാർ സ്വദേശിനിയായ പെൺകുട്ടിയെ പോലീസ് മോചിപ്പിച്ചു. ശനിയാഴ്ച രാത്രിഎട്ടോടെയാണ് ഗുണ്ടാസംഘം പ്ലസ് ടുവിനു പഠിക്കുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്.
വൈക്കം വെച്ചൂർ വേരുവള്ളി സ്വദേശികളായ രണ്ടംഗ ഗുണ്ടാസംഘമാണ് പെൺകുട്ടിയുടെ വീട്ടിലെത്തി വീടിന്റെ മെയിൻ സ്വിച്ച് ഓഫാക്കിയ ശേഷം പെൺകുട്ടിയുടെ മാതാപിതാക്കളെയും അനിയത്തിയെയും വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി പ്ലസ് ടു വിദ്യാർഥിനിയെ കടത്തിക്കൊണ്ടുപോയത്.
വെച്ചൂർ പഞ്ചായത്ത് വേരുവള്ളിൽ കളരിക്കൽത്തറ വീട്ടിൽ അമ്പിളി എന്നു വിളിക്കുന്ന മനുവും സുഹൃത്തായ അർജുനും ചേർന്നാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അക്രമം നടത്തിയത്. മുഖ്യപ്രതിയായ മനു വിവിധ ജില്ലകളിലായി എട്ട് കേസുകളിൽ പ്രതിയാണ്.
ഇയാൾ ഈ കഴിഞ്ഞ ദിവസം മറ്റൊരു കേസിൽ റിമാൻഡിലായിരുന്നു. ജാമ്യം കിട്ടി പുറത്തിറങ്ങിയ ഉടനെയാണ് ഈ കൃത്യം ചെയ്തത്. വിവരം പുറത്തറിയിച്ചാൽ കൊല്ലുമെന്നു പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നതിനാൽ വീട്ടുകാർ ഭയന്നാണ് കഴിഞ്ഞിരുന്നത്.
വിവരമറിഞ്ഞ സിപിഎം തലയോലപ്പറമ്പ് ഏരിയ സെക്രട്ടറി ഡോ.സി.എം. കുസുമന്റെ നേതൃത്വത്തിൽ പാർട്ടിപ്രവർത്തകർ ഇടപെട്ടാണ് കടുത്തുരുത്തി പോലീസിൽ പരാതി നൽകിയത്.
പോലീസ് കേസ് രജിസ്റ്റർ ചെയ്തു സർക്കിൾ ഇൻസ്പെക്ടർ റെനീഷിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ മോചിപ്പിച്ചത്. തുടർന്ന് മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തു.
പ്രതികൾ ഉൾപ്പെടുന്ന ഒരു സംഘം കഞ്ചാവ് കടത്തിനും പിടിച്ചുപറിക്കും നേതൃത്വം നൽകുന്നുണ്ടെന്നു പോലീസ് പറയുന്നു. ജനങ്ങൾ ഭീതിമൂലം ഈ ഗുണ്ടാ സംഘത്തിനെതിരേ പരാതി പറയാൻ പോലും മടിക്കുകയാണ്.
കേസിലെ രണ്ടാമത്തെ പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സംഭവത്തിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും ക്രിമിനൽ സംഘങ്ങൾക്ക് ഒത്താശ ചെയ്യുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും സിപിഎം തലയോലപ്പറമ്പ് ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.