വഖഫ് ഭേദഗതി നിയമം പൂർണമായും പിൻവലിക്കണം: വി.ഡി. സതീശൻ
Tuesday, September 16, 2025 1:51 AM IST
തിരുവനന്തപുരം: സമൂഹത്തിൽ വിഭാഗീയത ഉണ്ടാക്കുകയെന്ന സംഘ്പരിവാർ അജണ്ടയുടെ ഭാഗമായി കേന്ദ്ര സർക്കാർ നടപ്പാക്കിയ വഖഫ് ഭേദഗതി നിയമത്തിലെ വിവാദ വകുപ്പുകൾ സ്റ്റേ ചെയ്ത സുപ്രീംകോടതിയുടെ ഇടക്കാല വിധി സ്വാഗതാർഹവും ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
നിയമത്തിന്റെ ഉദ്ദേശ്യശുദ്ധിയെത്തന്നെ ചോദ്യം ചെയ്യുന്നതാണ് സുപ്രീംകോടതി വിധി. ഈ സാഹചര്യത്തിൽ ഏതാനും വ്യവസ്ഥകൾ മാത്രമല്ല, ഭേദഗതി നിയമം പൂർണമായും പിൻവലിക്കുകയാണു വേണ്ടതെന്നും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി.
വഖഫ് ചെയ്യുന്നതിന് അഞ്ച് വർഷമെങ്കിലും വിശ്വാസിയായിരിക്കണമെന്ന വ്യവസ്ഥയും ജില്ലാ കളക്ടർമാർക്ക് അനുവദിച്ചിരുന്ന പ്രത്യേക അധികാരങ്ങളും കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. കളക്ടർക്ക് പൗരന്മാരുടെ വ്യക്തിപരമായ അവകാശങ്ങളിൽ വിധി പ്രസ്താവിക്കാൻ അനുവാദമില്ലെന്ന കോടതി നിലപാട് സ്വാഗതാർഹമാണ്. സംസ്ഥാന, കേന്ദ്ര വഖഫ് ബോർഡുകളിൽ മുസ്ലിം ഇതര വിഭാഗത്തിൽനിന്നുള്ള പ്രതിനിധികളുടെ എണ്ണം നിജപ്പെടുത്തിയ നടപടിയും ആശാവഹമാണ്.
നിയമ നിർമാണത്തിലൂടെ വർഗീയ അജണ്ട നടപ്പിക്കാമെന്ന സംഘ്പരിവാർ ഭരണകൂടത്തിന്റെ നീക്കങ്ങൾക്കാണ് സുപ്രീംകോടതി പ്രഹരമേൽപിച്ചിരിക്കുന്നത്. ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തിനു മാറ്റം വരുത്താനാകില്ലെന്ന സന്ദേശം ഉയർത്തിപ്പിടിക്കുന്നതാണ് സുപ്രീംകോടതിവിധിയെന്നും സതീശൻ കൂട്ടിച്ചേർത്തു.