മൈക്രോ ഫിനാന്‍സ് തട്ടിപ്പ് ; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന ആവശ്യം തള്ളി
Tuesday, September 16, 2025 1:51 AM IST
കൊച്ചി: എസ്എന്‍ഡിപി യോഗം മൈക്രോ ഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റണമെന്ന സര്‍ക്കാര്‍ ആവശ്യം ഹൈക്കോടതി തള്ളി. നിലവിൽ കേസന്വേഷിക്കുന്ന വിജിലന്‍സ് സെന്‍ട്രല്‍ റേഞ്ച് എസ്പിയായിരുന്ന എസ്. ശശിധരനെ മാറ്റാന്‍ അനുവദിക്കണമെന്നായിരുന്നു ആവശ്യം.
എസ്. ശശിധരനു പകരം വിജിലന്‍സ് ഡിഐജി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക ടീമിനെ അന്വേഷണത്തിനായി നിയമിക്കാൻ അനുവദിക്കണമെന്നാണു സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്.
എസ്. ശശിധരനെ അന്വേഷണച്ചുമതല ഏൽപ്പിക്കുന്നതിനെ ഹൈക്കോടതി തന്നെ അംഗീകരിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇത്തരമൊരു ആവശ്യം ഉന്നയിക്കുന്നതു തെറ്റാണെന്ന് കേസിലെ പരാതിക്കാരനായ മാരാരിക്കുളം സ്വദേശി അനില്‍ കോടതിയെ അറിയിച്ചിരുന്നു.
കേസില്‍ ആരോപണവിധേയനായ എസ്എന്‍ഡിപി യോഗം ജനറൽ സെക്രട്ടറിയും ആഭ്യന്തരവകുപ്പ് നിയന്ത്രിക്കുന്ന മുഖ്യമന്ത്രിയും തമ്മിലുള്ള അടുപ്പമാണ് ഇതിനു പിന്നിലെന്നുമായിരുന്നു ആരോപണം.
എസ്എന്‍ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്, യോഗം പ്രസിഡന്റ് എന്‍. സോമന്, മൈക്രോഫിനാന്‍സ് കോ-ഓര്‍ഡിനേറ്റര്‍ കെ.കെ. മഹേശന് എന്നിവര്‍ കെഎസ്ബിസിഡിസി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജരേഖകള്‍ ഹാജരാക്കി ക്രമക്കേട് നടത്തിയെന്നാണ് ആരോപണം.
അഞ്ചുശതമാനം പലിശയ്ക്കു സമുദായത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കു വായ്പ നല്‍കാനായിരുന്നു വ്യവസ്ഥ. എന്നാല്‍ 13 ശതമാനം പലിശവരെ ഈടാക്കിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു.