40 വർഷത്തിനുശേഷം കെഎസ്ആർടിസി ഒരു ദിവസം ലാഭത്തിൽ!
Tuesday, September 16, 2025 1:51 AM IST
പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കെഎസ്ആർടിസി 40 വർഷത്തിനുശേഷം ഒരു ദിവസം ടിക്കറ്റ് വരുമാനം കൊണ്ട് മാത്രം ലാഭത്തിലായി. കഴിഞ്ഞ എട്ടിനാണ് കെഎസ്ആർടിസി ടിക്കറ്റ് വരുമാനത്തിലൂടെ ലാഭത്തിലെത്തിയത്.
10.19 കോടി ടിക്കറ്റ് കളക്ഷൻ നേടി 1.57 കോടി ലാഭം കൊയ്ത് 40 വർഷത്തിലാദ്യമായി ലാഭത്തിലെത്തുകയായിരുന്നു. സൂപ്പർ ക്ലാസ്, ഇന്റർസ്റ്റേറ്റ്, ദീർഘദൂര സർവീസുകളിലൂടെയായിരുന്നു മുഖ്യമായും വരുമാനം നേടിയത്.
ലാഭത്തിലെത്താൻ കഴിയുമെന്ന ആവേശത്തിലും ആത്മവിശ്വാസത്തിലുമായ കെഎസ്ആർടിസി 180 പുതിയ ബസ് കൂടി വാങ്ങും. വോൾവോയുടെ എസി സീറ്റർ കം സ്ലീപ്പർ, എസി സ്ലീപ്പർ, സ്കാനിയയുടെ ആഡംബര ബസുകൾ ഉൾപ്പെടെയാണ് വാങ്ങുന്നത്. ഇതിൽ 100 എണ്ണം ആഡംബര സർവീസുകൾ ഉൾപ്പെടെയുള്ള സൂപ്പർ ക്ലാസ്, സൂപ്പർ ഫാസ്റ്റ് സർവീസുകൾക്കും 50 എണ്ണം ഓർഡിനറി സർവീസുകൾക്കും 30 എണ്ണം ജില്ലകളെ ബന്ധിപ്പിക്കുന്ന ഫാസ്റ്റ് പാസഞ്ചർ സർവീസുകൾക്കുമാണ്.
ഇതിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായതായി എക്സിക്യൂട്ടീവ് ഡയറക്ടറും ഫിനാൻഷ്യൽ അഡ്വൈസറുമായ എ. ഷാജി പറഞ്ഞു. ഓണക്കാലത്തിനു മുമ്പ് 143 ബസുകൾ വാങ്ങാൻ കരാറായിരുന്നു. ഇതിൽ 86 ബസുകൾ എത്തി സർവീസ് തുടങ്ങി. ഗോവയിൽ ബോഡി നിർമാണം നടന്നു കൊണ്ടിരിക്കുന്ന 57 ബസുകൾ ഉടൻ എത്തും.
കെ എസ് ആർടിസിയുടെ നവീകരണത്തിനായി 107 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. നവീകരണത്തിനായി ആകെ 187 കോടിയാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്.ആഡംബര സർവീസുകളിലും അന്തർ സംസ്ഥാന സർവീസുകളിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കെഎസ് ആർടിസിയുടെ നീക്കം. പൂജ അവധിക്കാലം പ്രമാണിച്ച് ചെന്നൈ, ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിലേക്ക് 29 മുതൽ 14 വരെ കൂടുതൽ സർവീസുകൾ അയയ്ക്കും.
നിലവിൽ നിശ്ചയിച്ചിട്ടുള്ള സർവീസുകളിൽ ടിക്കറ്റ് റിസർവേഷൻ ഏകദേശം പൂർത്തിയായതായി അറിയുന്നു. കൂടുതൽ സൂപ്പർ ഫാസ്റ്റ് സർവീസുകളും ഈ റൂട്ടുകളിലേക്കും തിരിച്ചും സർവീസ് നടത്താനാണ് ശ്രമം.