മികച്ച പച്ചത്തുരുത്തുകൾക്കുള്ള പുരസ്കാരം മുഖ്യമന്ത്രി ഇന്ന് സമ്മാനിക്കും
Tuesday, September 16, 2025 1:51 AM IST
തിരുവനന്തപുരം: ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തു സ്ഥാപിച്ച പച്ചത്തുരുത്തുകളിൽ മികച്ച വയ്ക്കുള്ള പുരസ്കാരങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് സമ്മാനിക്കും. വൈകുന്നേരം ആറിന് ടാഗോർ തിയറ്ററിൽ നടക്കുന്ന പുരസ്കാര വിതരണം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സ്കൂളുകൾ, കോളജുകൾ, മറ്റ് സ്ഥാപനങ്ങൾ, ദേവഹരിതം പച്ചത്തുരുത്ത്, മുളംതുരുത്ത്, കണ്ടൽ പച്ചത്തുരുത്ത്, കാവുകൾ എന്നീ വിഭാഗങ്ങളിലായി 145 പച്ചത്തുരുത്തുകളാണ് സ്ക്രീനിംഗിൽ പങ്കെടുത്തത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പച്ചത്തുരുത്തുകളിൽ ഒന്നാം സ്ഥാനം കണ്ണൂരിലെ മുഴക്കുന്ന് ഗ്രാമപഞ്ചായത്തിലെ അയ്യപ്പൻകാവിനാണ്.
പത്തനംതിട്ട തുമ്പമൺ ഗ്രാമപഞ്ചായത്തിലെ കുടമാങ്കലും പാലക്കാട് കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിലെ കുമ്പളംചോലയും രണ്ടാം സ്ഥാനം നേടി. കൊല്ലം കോർപറേഷൻ തീരദേശം പച്ചത്തുരുത്തിനും കാസർഗോഡ് അജാനൂർ ഗ്രാമപഞ്ചായത്ത് പുലയനാർത്തോടിനുമാണ് മൂന്നാം സ്ഥാനം. കാസർഗോഡ് തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിലെ നടക്കാവ് ഹരിതവീഥി നാലാം സ്ഥാനം നേടി. കോട്ടയം കല്ലറ ഗ്രാമപഞ്ചായത്തിലെ ഐസിഡിഎസ് കുന്നുംപുറത്തും വയനാട് തൊണ്ടർനാട് ഗ്രാമപഞ്ചായത്തിലെ ശാന്തിവനവും അഞ്ചാം സ്ഥാനവും പങ്കിട്ടു.
പാലക്കാട് കുടുമ്പ് ഗ്രാമപഞ്ചായത്തിലെ കരിങ്കരപ്പുള്ളി കനാൽതീരവും ഇടുക്കി വെളിയാമറ്റം ഗ്രാമപഞ്ചായത്തിലെ കാഞ്ഞാറും കണ്ണൂരിലെ കുറുമാതൂർ ഗ്രാമപഞ്ചായത്തിലെ ശ്രീസ്ഥയും കോട്ടയം കടനാട് ഗ്രാമപഞ്ചായത്തിലെ കടനാട് ഹൈസ്കൂളിന് സമീപമുള്ള പച്ചത്തുരുത്തും പത്തനംതിട്ട കൊടുമൺ ഗ്രാമപഞ്ചായത്തിലെ മുല്ലോട്ട് ഡാം പച്ചത്തുരുത്തും പ്രത്യേക ജൂറി പുരസ്കാരത്തിന് അർഹമായി.
കലാലയ വിഭാഗത്തിൽ കണ്ണൂരിലെ പയ്യന്നൂർ കോളേജ് പച്ചത്തുരുത്ത് ഒന്നും പാലക്കാട് വി.ടി ഭട്ടതിരിപ്പാട് ഗവ. കോളജിലെ വാൾട്ടർവാലി ഫ്രൂട്ട് ഫോറസ്റ്റ് രണ്ടും തൃശൂർ പനമ്പിള്ളി മെമ്മോറിയൽ ഗവ. കോളജ് പച്ചത്തുരുത്ത് മൂന്നും സ്ഥാനങ്ങൾ നേടി. വിദ്യാലയ വിഭാഗത്തിൽ കണ്ണൂർ തവിടിശേരി ജിഎച്ച്എസ്എസും വയനാട് ജിഎച്ച് എസ്എസ് വടുവൻചാലും ഒന്നാം സ്ഥാനം നേടി.
മലപ്പുറം അരിക്കോട് ജിഎച്ച്എസ്എസും കാസർഗോഡ് ജിയുപി സ്കൂൾ പാടിക്കീലും രണ്ടാം സ്ഥാനം പങ്കിട്ടു. കാസർഗോഡ് ജിയുപിഎസ് ചാമക്കുഴി കുവാറ്റി പച്ചത്തുരുത്തിനാണ് മൂന്നാംസ്ഥാനം. മലപ്പുറം എസ്എസ്എച്ച്എസ് മൂർക്കനാട് നാലാം സ്ഥാനവും എറണാകുളം ഗവ. യു.പി സ്കൂൾ പെരുമ്പള്ളി അഞ്ചാം സ്ഥാനവും നേടി.
സ്ക്രീനിംഗിൽ പങ്കെടുത്ത എല്ലാവർക്കും ഉപഹാരവും സർട്ടിഫിക്കറ്റും നൽകും. പുരസ്കാര ദാന ചടങ്ങിൽ ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ഒരു കോടി തൈകൾ നട്ടുപിടിപ്പിക്കുന്ന ‘ഒരു തൈ നടാം’ വൃക്ഷവത്കരണ പരിപാടിയിൽ 60 ലക്ഷം പൂർത്തിയായതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ. എം. ഏബ്രഹാം നിർവഹിക്കും.
മികച്ച പച്ചത്തുരുത്തുകൾ, വേങ്ങോട് ആദ്യ പച്ചത്തുരുത്ത്, ടൈറ്റാനിയം പച്ചത്തുരുത്ത്, കണ്ടൽ പച്ചത്തുരുത്ത്, മുഴക്കുന്ന് ഗ്രാമപഞ്ചായത്തിലെ പച്ചത്തുരുത്ത്, കേളകം ഗ്രാമപഞ്ചായത്തിലെ പൂമ്പാറ്റകൾ എന്നിവ അടിസ്ഥാനമാക്കി തയാറാക്കിയ പുസ്തകങ്ങളുടെ പ്രകാശനവും ചടങ്ങിൽ നടക്കും.