റെയിൽവേ ജനറൽ ടിക്കറ്റ് റിസർവേഷൻ: ഒക്ടോബർ മുതൽ പുതിയ വ്യവസ്ഥ
Wednesday, September 17, 2025 1:36 AM IST
കൊല്ലം: ട്രെയിൻ ടിക്കറ്റ് ബുക്കിംഗില്‍ പുതിയ നിബന്ധന പ്രഖ്യാപിച്ച് റെയിൽവേ മന്ത്രാലയം. ജനറല്‍ ടിക്കറ്റ് റിസര്‍വേഷനുകൾ ആരംഭിച്ച് ആദ്യത്തെ 15 മിനിറ്റിനുള്ളില്‍ ടിക്കറ്റ് ബുക്ക് ചെയ്യണമെങ്കില്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാനാണ് തീരുമാനം.
ഒക്ടോബര്‍ ഒന്നിന് മാറ്റം പ്രാബല്യത്തില്‍ വരുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. ഓണ്‍ലൈന്‍ വഴിയും ഐആര്‍സിടിസി വെബ്സൈറ്റില്‍നിന്നും നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യാനാണ് ആധാര്‍ കാർഡ് നിര്‍ബന്ധമാക്കിയിട്ടുള്ളത്. കൗണ്ടറില്‍നിന്ന് ടിക്കറ്റ് എടുക്കുന്നതിന് ഈ നിബന്ധന ബാധകമല്ലെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തേ നാലു മാസം മുന്‍പാണ് അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിരുന്നത്. ഇത് കഴിഞ്ഞ വര്‍ഷം മുതല്‍ 60 ദിവസത്തിനു മുന്‍പ് മാത്രം എന്ന നിലയിലേക്കു റെയില്‍വേ മാറ്റിയിരുന്നു. ഒക്ടോബര്‍ ഒന്നുമുതല്‍ ആധാര്‍ കാർഡ് വിവരങ്ങൾ ഓൺലൈനിലൂടെ കൈമാറുന്ന ഉപയോക്താക്കള്‍ക്കു മാത്രമേ ഏതു ട്രെയിനിലും ഐആര്‍സിടിസി വെബ്സൈറ്റ് വഴിയും ആപ്പ് വഴിയും ആദ്യ 15 മിനിറ്റില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനാവുകയുള്ളൂ.
ഏജന്റുമാര്‍ക്ക് ഈ സമയത്ത് ടിക്കറ്റ് ബുക്ക് ചെയ്യാനാകില്ല. നിലവില്‍ തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ മാത്രമാണ് ആധാര്‍ നിര്‍ബന്ധമാക്കിയിരുന്നത്. ഇത് ഈ വർഷം ജൂലൈ ഒന്നിനാണ് പ്രാബല്യത്തിൽ വന്നത്.
ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കുമ്പോള്‍ വിവിധ സ്വകാര്യ ഏജന്‍സികള്‍ കൂട്ടത്തോടെ ടിക്കറ്റ് എടുക്കുന്നത് കാരണം റെയില്‍വേയില്‍നിന്ന് പലപ്പോഴും സാധാരണ യാത്രക്കാര്‍ക്ക് ടിക്കറ്റ് കിട്ടാത്ത സ്ഥിതിയുണ്ടാകുന്നുണ്ട്. മാത്രമല്ല, ഇത്തരം ടിക്കറ്റുകൾ കരിഞ്ചന്തയിൽ ആവശ്യക്കാർക്ക് ഇഷ്ടാനുസരണം ലഭിക്കുമായിരുന്നു. ഇതിന് ശാശ്വത പരിഹാരമെന്ന നിലയ്ക്കാണു തത്കാല്‍ ടിക്കറ്റ് ബുക്കിംഗില്‍ ഈ മാറ്റം ആദ്യം നടപ്പാക്കിയത്.
ഉത്സവ സീസണ് ഉള്‍പ്പെടെ മുന്നില്‍ക്കണ്ട് 60 ദിവസം മുമ്പ് ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കുമ്പോള്‍ തന്നെ കൂട്ടത്തോടെ ടിക്കറ്റ് എടുത്തശേഷം അവ ഉയര്‍ന്ന നിരക്കിനു വില്‍ക്കുന്ന ഏജന്‍സികളുടെ പ്രവര്‍ത്തനം ശ്രദ്ധയില്‍പ്പെട്ടതോടെയാണു റെയില്‍വേ ഇപ്പോൾ ജനറൽ റിസർവേഷൻ ടിക്കറ്റിനും ആധാർ നിർബന്ധമാക്കിയ നിബന്ധന കൊണ്ടുവരുന്നത്.
യഥാർഥ ഉപയോക്താക്കൾക്കു ടിക്കറ്റ് റിസർവേഷൻ സംവിധാനത്തിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണു പുതിയ നടപടി വഴി ലക്ഷ്യമിടുന്നതെന്നും റെയിൽ മന്ത്രലയത്തിന്റെ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.