ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട പതിനാറുകാരന് പീഡനം ; എഇഒ അടക്കം ഒന്പതുപേർ അറസ്റ്റിൽ
Wednesday, September 17, 2025 1:36 AM IST
തൃക്കരിപ്പുർ (കാസർഗോഡ്): ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറടക്കം ഒന്പതുപേർ അറസ്റ്റിൽ.
ബേക്കല്‍ എഇഒ പടന്ന സ്വദേശി വി.കെ. സൈനുദ്ദീന്‍ (52), റെയില്‍വേ പോലീസ് ഉദ്യോഗസ്ഥനും ഫുട്ബോള്‍ പരിശീലകനുമായ പിലിക്കോട്ടെ ചിത്രരാജ് എരവില്‍ (48), വെള്ളച്ചാല്‍ സ്വദേശി സുകേഷ് (30), തൃക്കരിപ്പുര്‍ വടക്കേകൊവ്വലിലെ റയീസ് (30), വള്‍വക്കാട്ടെ അബ്ദുള്‍ റഹ്മാന് ഹാജി (55), ചന്തേരയിലെ അഫ്സല് (23), ചീമേനിയിലെ ഷിജിത്ത്(36), പടന്നക്കാട്ടെ റംസാന് (64), തൃക്കരിപ്പുര്‍ പൂച്ചോലിലെ നാരായണന് (60) എന്നിവരെയാണു ചന്തേര പോലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതിയായ തൃക്കരിപ്പൂർ വടക്കുമ്പാട് സ്വദേശി സിറാജുദ്ദീൻ (46) ഒളിവിലാണ്.
സംഭവത്തിൽ 15 കേസുകളിലായി 16 പേർക്കെതിരേയാണു കേസെടുത്തിരിക്കുന്നത്. ഇതിൽ ചന്തേര സ്റ്റേഷനിൽ മാത്രം ഒന്‍പതു കേസുകളിലായി 10 പ്രതികളുണ്ട്. ആറു കേസുകൾ പയ്യന്നൂർ, കോഴിക്കോട് കസബ, കൊച്ചി എളമക്കര എന്നീ പോലീസ് സ്റ്റേഷനുകളിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ചന്തേര സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന കുട്ടി 14 വയസ് മുതലാണ് പീഡനത്തിനിരയായത്. സ്വവർഗരതിക്കാർ ഉപയോഗിക്കുന്ന ഗ്രൈൻഡ് എന്ന ഡേറ്റിംഗ് ആപ്പ് കുട്ടി തന്റെ ഫോണിൽ ഇൻസ്റ്റാൾ ചെയ്തിരുന്നു. ഇതെത്തുടർന്നാണു പ്രതികൾ കുട്ടിയെ ലൈംഗികചൂഷണത്തിനിരയാക്കിയത്.
കുട്ടിയുടെ വീട്ടിൽനിന്ന് ഒരാൾ ഇറങ്ങിയോടുന്നത് അമ്മ കണ്ടിരുന്നു. കുട്ടിയുടെ കൈവശം പണം കാണപ്പെടുകയും ഫോൺ പരിശോധിക്കുകയും ചെയ്തപ്പോൾ സംശയം തോന്നിയ അമ്മ ചൈൽഡ് ലൈനിൽ വിവരമറിയിച്ചു. പിന്നീട് കുട്ടിക്കു നടത്തിയ കൗൺസലിംഗിലാണു ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
കാഞ്ഞങ്ങാട് ഡിവൈഎസ്പി സി.കെ. സുനിൽകുമാറിന്റെ നേതൃത്വത്തിൽ ചന്തേര, ചീമേനി, നീലേശ്വരം, വെള്ളരിക്കുണ്ട്, ചിറ്റാരിക്കാൽ ഇൻസ്പെക്ടർമാർ അടങ്ങിയ സംഘമാണു കേസ് അന്വേഷിക്കുന്നത്.