എൻഐആർഎഫ് റാങ്കിംഗ്: ആദ്യ പത്തിൽ കൊച്ചി അമൃത സ്കൂൾ ഓഫ് മെഡിസിൻ
Tuesday, September 16, 2025 11:09 PM IST
കൊച്ചി: രാജ്യത്തെ ഏറ്റവും മികച്ച മെഡിക്കൽ കോളജുകളുടെ പട്ടികയിലെ ആദ്യ പത്തിൽ അമൃത സ്കൂൾ ഓഫ് മെഡിസിൻ കൊച്ചി, ഫരീദാബാദ് കാമ്പസുകൾ ഇടം നേടി.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലുള്ള എൻഐആർഎഫ് (നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക്) തയാറാക്കിയ റാങ്കിംഗിൽ ഒമ്പതാം സ്ഥാനമാണു അമൃത സ്കൂൾ ഓഫ് മെഡിസിന്. ഫാർമസി കോളജുകളുടെ പട്ടികയിൽ കൊച്ചി അമൃത സ്കൂൾ ഓഫ് ഫാർമസി 14-ാം സ്ഥാനം നേടി. കൊച്ചി അമൃത സ്കൂൾ ഓഫ് ഡെന്റിസ്ട്രി രാജ്യത്തെ ഏറ്റവും മികച്ച ദന്തൽ കോളജുകളുടെ പട്ടികയിൽ 14-ാമതെത്തി.
രാജ്യത്തെ ഏറ്റവും മികച്ച സർവകലാശാലകളുടെ പട്ടികയിൽ എട്ടാം സ്ഥാനത്താണ് അമൃത വിശ്വവിദ്യാപീഠം. അഞ്ചു സംസ്ഥാനങ്ങളിലായി പ്രവർത്തിക്കുന്ന ഒന്പതു കാമ്പസുകളുടെ പ്രവർത്തനമികവാണ് അമൃതയെ ഒമ്പതാം തവണയും പട്ടികയിൽ ഇടം നേടാൻ പര്യാപ്തമാക്കിയതെന്ന് അമൃത വിശ്വവിദ്യാപീഠം വൈസ് ചാൻസലർ ഡോ. പി. വെങ്കട്ട് രംഗൻ പറഞ്ഞു.