വ്യാജരേഖ ചമച്ച് വോട്ടു ചേർത്തെന്ന പരാതി; സുരേഷ്ഗോപിക്കെതിരേ തത്കാലം കേസെടുക്കാനാകില്ലെന്ന് പോലീസ്
Wednesday, September 17, 2025 1:36 AM IST
തൃശൂർ: വ്യാജരേഖ ചമച്ച് തൃശൂരിൽ വോട്ടുചേർത്തെന്ന പരാതിയിൽ തത്കാലം കേന്ദ്രമന്ത്രി സുരേഷ്ഗോപിക്കെതിരേ കേസെടുക്കാനാകില്ലെന്ന് പോലീസ്. മുൻ എംപി ടി.എൻ. പ്രതാപനാണ് വോട്ടർപട്ടിക ക്രമക്കേട് സംബന്ധിച്ചു പോലീസിൽ പരാതിനൽകിയത്.
സുരേഷ് ഗോപിയും സഹോദരനും വ്യാജരേഖ ചമച്ച് തൃശൂരിൽ വോട്ടുചേർത്തു എന്നായിരുന്നു പരാതി. എന്നാൽ ഈ ആരോപണം തെളിയിക്കുന്നതിനുവേണ്ട രേഖകൾ ഹാജരാക്കാൻ പ്രതാപനു കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സുരേഷ്ഗോപിക്കെതിരേ കേസെടുക്കാൻ സാധിക്കില്ലെന്നു പോലീസ് പരാതിക്കാരനെ അറിയിച്ചത്.
അന്വേഷണവുമായി ബന്ധപ്പെട്ട രേഖകൾ ജില്ലാ ഭരണകൂടത്തിൽനിന്നോ തെരഞ്ഞെടുപ്പു കമ്മീഷനിൽനിന്നോ ലഭിക്കേണ്ടതുണ്ട്. എന്നാൽ, അപേക്ഷ നൽകിയിട്ടും ഈ രേഖകൾ കിട്ടിയില്ലെന്നു ചൂണ്ടിക്കാട്ടി എസിപി തൃശൂർ സിറ്റി പോലീസ് കമ്മീഷണർക്കു റിപ്പോർട്ടു നൽകി. കമ്മീഷണർ ഇക്കാര്യം പരാതിക്കാരനായ ടി.എൻ. പ്രതാപനെ അറിയിച്ചു.
രേഖകൾ ലഭിക്കുന്നതിനും തുടർനടപടികൾക്കുമായി പരാതിക്കാരനു കോടതിയെ സമീപിക്കാം. അല്ലെങ്കിൽ രേഖകൾ ലഭിക്കുന്ന മുറയ്ക്കു കേസന്വേഷണം പുനരാരംഭിക്കാൻ സാധിക്കും. കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് പ്രതാപന്റെ തീരുമാനം.