ഇതാ ഇടുക്കിയുടെ വിസ്മയ ലീല!
Wednesday, September 17, 2025 1:36 AM IST
ജെയ്സ് വാട്ടപ്പള്ളിൽ
തൊടുപുഴ: ഇടുക്കിക്കാരി ലീല വീട്ടമ്മമാരെ മാത്രമല്ല നാട്ടുകാരെ ഒന്നടങ്കം അതിശയിപ്പിച്ചിരിക്കുന്നു. പലരും സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത കാര്യം എഴുപതാം വയസിൽ സഫലമാക്കുകയാണ് ഈ വീട്ടമ്മ.
പല സിനിമകളിലും താരങ്ങൾ ആകാശത്തുനിന്ന് അന്തരീക്ഷത്തിലേക്കു ചാടുന്നത് ലീലയും കണ്ടു വണ്ടറടിച്ചിരുന്നിട്ടുണ്ട്. എന്നെങ്കിലും തനിക്ക് ഇങ്ങനെയൊന്നു ചാടാൻ കഴിയുമെന്ന് അവർ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. എന്നാൽ, ഒടുവിൽ ആ സ്വപ്നം സഫലമായിരിക്കുന്നു. 13,000 അടി ഉയരത്തിൽനിന്നു സ്കൈ ഡൈവിംഗ് നടത്തി ലീല പുതു ചരിത്രമെഴുതിയിരിക്കുന്നു. അടിമാലി കൊന്നത്തടി മുൻ സഹകരണബാങ്ക് സെക്രട്ടറി പുതിയപറന്പിൽ പരേതനായ ജോസിന്റെ ഭാര്യയാണ് ലീല.
നടത്തിപ്പുകാർക്കും അന്പരപ്പ്
ദുബായിൽ കണ്സ്ട്രക്ഷൻ കന്പനി മാനേജരായ മകൻ ബാലുവിനെ കാണാനാണ് ലീല അവിടേക്കു പറന്നത്. എന്നാൽ, സ്വപ്നതുല്യമായ നേട്ടം കൈവരിച്ചായിരുന്നു മടക്കം. സാഹസികത ഏറെ ഇഷ്ടപ്പെട്ടിരുന്ന ലീല സ്കൈ ഡൈവിംഗിനെക്കുറിച്ച് അവിടെവച്ച് അറിയാൻ ഇടയായി. ഇതേക്കുറിച്ചു മകനോടു ചോദിച്ചപ്പോൾ അമ്മയ്ക്ക് ആഗ്രഹമുണ്ടെങ്കിൽ ഒരു കൈ നോക്കാമെന്നായിരുന്നു ബാലുവിന്റെ മറുപടി.
ഉടൻതന്നെ അധികൃതരെ ഫോണിൽ ബന്ധപ്പെട്ടു. പിറ്റേന്ന് എത്താനായിരുന്നു നിർദേശം. ബാലുവിനു വേണ്ടിയാണ് ബുക്കിംഗ് എന്നാണ് അധികൃതരും കരുതിയത്. എന്നാൽ, 70കാരി ലീലയുടെ അപേക്ഷ എത്തിയപ്പോൾ അധികൃതർക്കും വിശ്വസിക്കാനായില്ല.
വീഡിയോ കണ്ടിട്ടും മുന്നോട്ട്
അടുത്ത കടന്പ ശാരീരിക ക്ഷമത പരിശോധനയായിരുന്നു. പൂർണ ആരോഗ്യവതിയാണെന്നു ബോധ്യപ്പെട്ടതോടെ പച്ചക്കൊടി. പിന്നീട് സ്കൈ ഡൈവിംഗ് സംബന്ധിച്ച വീഡിയോ ദൃശ്യങ്ങൾ കണ്ടും കേട്ടും ഇതിനായി ഒരുങ്ങി. വീഡിയോ കണ്ട ശേഷം താത്പര്യമില്ലാത്തവർക്കു പിൻമാറാം. എന്നാൽ, ലീല തീരുമാനത്തിൽനിന്ന് അണുവിട പിന്നോട്ടുപോകാൻ തയാറായില്ല.
ഡൈവിംഗ് ദിനത്തിൽ വിമാനത്തിൽ കയറാനായി അല്പദൂരം വാഹനത്തിൽ കൊണ്ടുപോയി.അവിടെനിന്ന് 15 പേർക്കു മാത്രം കയറാവുന്ന ചെറുവിമാനത്തിൽ ഡൈവിംഗ് പോയിന്റിലേക്ക്. വിമാനത്തിൽ കയറിയപ്പോൾ ഇന്നു തന്നെപ്പോലെ ഡൈവിംഗിന് എത്തിയിരിക്കുന്നത് നാലു ചെറുപ്പക്കാരാണെന്ന് ലീലയ്ക്കു മനസിലായി. ലീലയെ കണ്ടപ്പോൾ അവർക്കും അദ്ഭുതം.
25 മിനിറ്റ്
ആദ്യ ഉൗഴം അവരുടേതായിരുന്നു. ഉയരം കുറഞ്ഞ ഫ്ലൈറ്റിന്റെ വാതിലിൽ ഇരുന്നിട്ടാണ് താഴേക്കു ചാടേണ്ടത്. വാതിൽക്കൽ എത്തി താഴേക്കു നോക്കിയപ്പോൾ ആദ്യം ചാടിയവരെ കാണാനില്ല. അപ്പോൾ കൊള്ളിയാൻ പോലെ ഒരു ഭയം മനസിലൂടെ പാഞ്ഞു. എങ്കിലും പരിചയ സന്പന്നനായ ഗൈഡിനോടൊപ്പമാണ് ചാടുന്നതെന്ന് ഓർത്തപ്പോൾ ഭയം വിട്ടകന്നു.
13,000 അടിയിൽനിന്ന് 6,000 അടി ഉയരത്തിൽ എത്തുന്പോഴാണ് പാരച്യൂട്ട് പ്രവർത്തിപ്പിക്കുന്നത്. 25 മിനിറ്റ് സമയമെടുക്കും താഴെയെത്താൻ. ഒപ്പമുള്ള ഗൈഡ് എല്ലാ വിവരങ്ങളും പറഞ്ഞുനൽകി. വിദൂരദൃശ്യങ്ങളും സ്ഥലങ്ങളും അംബരചുംബികളായ കെട്ടിടങ്ങളും ഉൾപ്പെടുന്ന കാഴ്ചയുടെ വിരുന്ന് ജീവിതത്തിൽ ഇന്നേവരെ ലഭിക്കാത്ത അത്യപൂർവമായ അനുഭവമായി. വിമാനത്തിൽനിന്നു ചാടി നിലംതൊടുന്നതുവരെ വല്ലാത്ത ആകാംക്ഷയായിരുന്നു.
ഇനിയും ചാടാൻ തയാറാണോയെന്നു ചോദിച്ചാൽ എത്ര അടി ഉയരത്തിൽനിന്നും ചാടാമെന്നാണ് ലീലയുടെ മറുപടി. ചെറുപ്പം മുതൽ സാഹസികത ഏറെ ഇഷ്ടപ്പെട്ടിരുന്നെങ്കിലും ഡൈവിംഗിനു സമ്മതം മൂളാൻ ഇടയാക്കിയത് പട്ടാളക്കാരനായ പിതാവിൽനിന്നു പകർന്നുകിട്ടിയ കരുത്തും ധൈര്യവും പരിശീലനവും മൂലമാണെന്നു ലീല പറയുന്നു.
അവസരം ലഭിച്ചാൽ ബഹിരാകാശയാത്രയ്ക്കും മടിയില്ലെന്നും ഇവർ പറഞ്ഞു. ലീലയെ മന്ത്രി റോഷി അഗസ്റ്റിൻ, ഡീൻ കുര്യാക്കോസ് എംപി, മുൻ എംപി ജോയ്സ് ജോർജ് എന്നിവരും നിരവധി ബന്ധുക്കളും സുഹൃത്തുക്കളും ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. മകൾ അന്പിളി ഹോമിയോ ഡോക്ടറാണ്.