മാമ്മോദീസ ചടങ്ങിനിടെ വെടിവയ്പ്; 15 പേർ കൊല്ലപ്പെട്ടു
Wednesday, September 17, 2025 10:54 PM IST
നിയാമി: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ നൈജറിൽ മാമ്മോദീസച്ചടങ്ങിൽ ഉൾപ്പെടെ ഉണ്ടായ ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു. രാജ്യത്തിന്റെ പടിഞ്ഞാറു ഭാഗത്ത് മാലി, ബുർക്കിന ഫാസോ രാജ്യങ്ങളോടു ചേർന്ന തില്ലാബേരി മേഖലയിലെ ഗ്രാമത്തിൽ തിങ്കളാഴ്ചയായിരുന്നു സംഭവം.
മോട്ടോർസൈക്കിളിലെത്തിയ അക്രമികൾ മാമ്മോദീസച്ചടങ്ങിൽ പങ്കെടുക്കുകയായിരുന്നവർക്കു നേർക്ക് വെടിയുതിർക്കുകയായിരുന്നു. 15 പേരാണ് ഇവിടെ മരിച്ചത്. ഇവിടെനിന്നു പോയ അക്രമികൾ മറ്റു സ്ഥലങ്ങളിൽ നടത്തിയ വെടിവയ്പിൽ ഏഴു പേരും കൊല്ലപ്പെട്ടു.
അൽക്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനകളുമായി ബന്ധമുള്ള ഗ്രൂപ്പുകൾ സജീവമായ മേഖലയിലാണ് ആക്രമണം. കഴിഞ്ഞ ബുധനാഴ്ച തില്ലാബേരിയിലുണ്ടായ മറ്റൊരാക്രമണത്തിൽ 14 സൈനികർ കൊല്ലപ്പെട്ടിരുന്നു. നൈജറിൽ മാർച്ച് മാസം മുതലുള്ള ആക്രമണങ്ങളിൽ മുസ്ലിംകൾ അടക്കം 127 പേർ കൊല്ലപ്പെട്ടുവെന്നാണു ഹ്യൂമൻ റൈറ്റ് വാച്ച് സംഘടന അറിയിച്ചിരിക്കുന്നത്.
നൈജർ, ബുർക്കിന ഫാസോ, മാലി രാജ്യങ്ങളിലെ പട്ടാള ഭരണകൂടങ്ങൾക്ക് ഭീകരരെ അമർച്ച ചെയ്യാൻ കഴിയുന്നില്ല. ഇക്കാര്യത്തിൽ സഹായം നല്കിയിരുന്ന യുഎസ്, ഫ്രഞ്ച് സേനകളെ മൂന്നു രാജ്യങ്ങളിൽനിന്നും പട്ടാള ഭരണകൂടങ്ങൾ പുറത്താക്കിയിരുന്നു. പകരം റഷ്യ, തുർക്കി രാജ്യങ്ങളെയാണ് ഇപ്പോൾ ആശ്രയിക്കുന്നത്.