സിഎംഐ സഭയുടെ പെറു മിഷൻ പ്രവർത്തനങ്ങൾക്ക് അന്‍പതാണ്ട്
Thursday, September 18, 2025 11:44 PM IST
ലിമ: സൗത്ത് അമേരിക്കന്‍ രാജ്യമായ പെറുവില്‍ സിഎംഐ സഭാ മിഷന് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ട് 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു.
കോട്ടയം സെന്റ് ജോസഫ് പ്രോവിന്സിന്റെ കീഴിലുള്ള സാന്‍ മത്തെയോ സബ് റീജണിന്റെ നേതൃത്വത്തിലാണു പെറുവിലെ വിവിധ രൂപതകളിലുള്ള ഇടവകകളില്‍ വൈദികര്‍ സേവനം അനുഷ്ഠിക്കുന്നത്.
2024 സെപ്റ്റംബറില്‍ ആരംഭിച്ച സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സമാപനം സെപ്റ്റംബര്‍ 17ന് ലിമായിലുള്ള സാന്‍ ബെനിത്തോ പള്ളിയില്‍ നടന്നു.
വിശുദ്ധ കുര്‍ബാനയ്ക്ക് പെറു അപ്പസ്തോലിക് നൂണ്‍ഷ്യോ മോൺസിഞ്ഞോര്‍ പൗലോ റോക്കോ മുഖ്യകാര്‍മികത്വം വഹിച്ചു. ചൊസിക്ക രൂപത ബിഷപ് മോണ്‍. ഹോര്‍ഹെ ഇസഗിറെ റാഫായേല്‍, വികാരി ജനറാള്‍ മോൺ. വിക്ടര്‍ ഗാര്‍സിയ തെരേസ എന്നിവരും സന്നിഹിതനായിരുന്നു.
സിഎംഐ കോട്ടയം സെന്റ് ജോസഫ് പ്രോവിന്‍സ് പ്രൊവിന്‍ഷ്യല്‍ റവ.ഡോ. അബ്രഹാം വെട്ടിയാങ്കല്‍, സിഎംഐ സഭ ജനറല്‍ കൗണ്‍സിലേഴ്സ് ഫാ. മാര്ട്ടിന് മള്ളാത്ത്, ഫാ. ബിജു വടക്കേല്‍, ഭവ്നഗര്‍ പ്രൊവിന്‍ഷ്യല്‍ ഫാ. ജോസഫ് കല്ലംപള്ളില്‍, സൗത്ത് അമേരിക്കന്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ. ജോഷി പുതുശേരി, സന് മറ്റയോ സബ് റീജണല്‍ സുപ്പീരിയര്‍ ഫാ. ബിനേഷ് കട്ടക്കനടയില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. വിശുദ്ധ കുര്‍ബാനക്കുശേഷം സുവര്‍ണ ജുബിലീ സ്മരണിക പ്രൊവിന്‍ഷ്യല്‍ റവ.ഡോ. ഏബ്രഹാം വെട്ടിയാങ്കല്‍ പ്രകാശനം ചെയ്തു.
വിശുദ്ധ കുര്‍ബാനയിലും സുവർണ്ണ ജൂബിലി സമ്മേളനത്തിലും സൗത്ത് അമേരിക്കന്‍ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരായ വൈദികരും സിസ്റ്റേഴ്സും അല്മായരും പങ്കുചേര്‍ന്നു.