പാക്കിസ്ഥാനിൽ മരിയൻ തീർഥാടനത്തിനിടെ ക്രൈസ്തവ വിശ്വാസി വെടിയേറ്റ് മരിച്ചു
Thursday, September 18, 2025 1:20 AM IST
ലാഹോർ: പാക്കിസ്ഥാനിൽ മരിയൻതീർഥാടനത്തിനിടെ ക്രൈസ്തവർ സഞ്ചരിച്ച മിനി ബസിനുനേരേയുണ്ടായ വെടിവയ്പിൽ ഒരാൾ മരിച്ചു. അഫ്സൽ മസിഹ് (42) എന്നയാളാണു കൊല്ലപ്പെട്ടത്.
ആക്രമണത്തിൽ ഇദ്ദേഹത്തിന്റെ മകന് പരിക്കേറ്റു. പഞ്ചാബ് പ്രവിശ്യാ തലസ്ഥാനമായ ലാഹോറിൽനിന്ന് 80 കിലോമീറ്റർ അകലെയുള്ള മരിയാമാബാദിലെ ദേശീയ മരിയൻ തീർഥാടനകേന്ദ്രത്തിൽ തിരുനാൾ ആഘോഷത്തിൽ പങ്കെടുക്കാൻ പോയ തീർഥാടകർക്കുനേരേയാണ് വെടിവയ്പുണ്ടായത്.
അഫ്സൽ മസിഹ് ഉൾപ്പെട്ട പതിനഞ്ചോളം തീർഥാടകരാണു വാഹനത്തിലുണ്ടായിരുന്നത്. പള്ളിയിൽനിന്ന് 30 കിലോമീറ്റർ അകലെയുള്ള പെട്രോൾ പമ്പിൽ തീർഥാടകസംഘത്തിന്റെ വാഹനം നിർത്തിയപ്പോൾ അക്രമികൾ വെടിവയ്ക്കുകയായിരുന്നു.
1893ൽ കപ്പൂച്ചിൻ മിഷനറിമാർ സ്ഥാപിച്ച മരിയമാബാദിലെ ലൂർദ് ഗ്രോട്ടോ 1949ൽ ലാഹോർ അതിരൂപതയുടെ കീഴിലുള്ള ദേശീയ മരിയൻ തീർഥാടനകേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടു.
എല്ലാവർഷവും സെപ്റ്റംബർ ആദ്യവാരം നടക്കുന്ന തിരുനാൾ ആഘോഷത്തിൽ പങ്കെടുക്കുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നാനാജാതി മതസ്ഥരായ അഞ്ചു ലക്ഷത്തിലേറെ തീർഥാടകർ എത്താറുണ്ട്.