ടാൻസാനിയയിൽ അപകടം; സുപ്പീരിയർ ജനറൽ ഉൾപ്പെടെ നാല് സന്യാസിനിമാർ മരിച്ചു
Thursday, September 18, 2025 1:20 AM IST
ദൊദോമ: ആഫ്രിക്കന്‍ രാജ്യമായ ടാൻസാനിയയിലുണ്ടായ വാഹനാപകടത്തിൽ സുപ്പീരിയർ ജനറലും സെക്രട്ടറി ജനറലുമുൾപ്പെടെ നാല് സന്യാസിനിമാരും ഡ്രൈവറും മരിച്ചു.
മിഷനറി സിസ്റ്റേഴ്സ് ഓഫ് സെന്റ് തെരേസ ഓഫ് ദ ചൈൽഡ് ജീസസ് (എംസിഎസ്ടി) സുപ്പീരിയർ ജനറൽ സിസ്റ്റർ ലിലിയൻ കപോംഗോ, കോൺഗ്രിഗേഷന്റെ സെക്രട്ടറി ജനറൽ സിസ്റ്റർ നെറീന, മ്വാൻസ അതിരൂപതയിലെ ബുകുംബി സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലും കെനിയ സ്വദേശിനിയുമായ സിസ്റ്റർ ഡമാരിസ് മതേക്ക, കെനിയയിൽ മിഷനറിയായ സിസ്റ്റർ സ്റ്റെല്ലാമാരിസ്, ഡ്രൈവർ ബോനിഫസ് മസൊനൊല എന്നിവരാണു മരിച്ചത്. ഒരു സന്യാസിനി ഗുരുതരമായ പരിക്കുകളോടെ മ്വാൻസയിലെ ബുഗാൻഡോ ആശുപത്രിയിൽ ചികിത്സയിലാണ്.
ടാൻസാനിയയിലെ മ്വാൻസയിൽ കഴിഞ്ഞ 15ന് രാത്രി 11 ഓടെയായിരുന്നു അപകടം. രാജ്യത്തെ പ്രധാന നഗരമായ ഡാർ എസ് സലാമിലേക്കുള്ള യാത്രയ്ക്കായി മ്വാൻസ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന സന്യാസിനിമാർ സഞ്ചരിച്ച കാർ ബുകുംബി ഗ്രാമത്തിലെ ഉസാഗ്ര-കിഗൊൻഗൊ റോഡിൽ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
കഴിഞ്ഞ ഞായറാഴ്ച നടന്ന തങ്ങളുടെ സന്യാസിനീസമൂഹത്തിലെ മൂന്ന് സഹോദരിമാരുടെ നിത്യവ്രത വാഗ്ദാനവുമായി ബന്ധപ്പെട്ട് കഹാമ രൂപതയിലെ ന്ഗയയിൽ എത്തിയതായിരുന്നു സന്യാസിനിമാർ.
കന്യാസ്ത്രീമാരുടെ അപ്രതീക്ഷിത വേർപാട് എംസിഎസ്ടി കോൺഗ്രിഗേഷനു മാത്രമല്ല, ടാൻസാനിയയിലെ സഭയ്ക്കാകെ തീരാനഷ്ടമാണെന്ന് ദാർ എസ് സലാം ആർച്ച്ബിഷപ് ജൂഡ് തദ്ദേവൂസ് റുവ ഇചി പറഞ്ഞു. സന്യാസിനിമാരുടെ സംസ്കാരം നാളെ ദാർ എസ് സലാമിലെ ബൊകോയിൽ നടക്കും.