സൗദി-പാക്കിസ്ഥാൻ പ്രതിരോധ സഹകരണം
Thursday, September 18, 2025 11:44 PM IST
റിയാദ്: പാക്കിസ്ഥാനും സൗദി അറേബ്യയും തമ്മിൽ പ്രതിരോധക്കരാർ യാഥാർഥ്യമായി. ഖത്തറിലെ ഇസ്രേലി വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തിൽ അറബ്-ഇസ്ലാമിക രാജ്യങ്ങൾ അടിയന്തര യോഗം ചേർന്ന് ദിവസങ്ങൾക്കുള്ളിലാണ്, പരസ്പരം സൈനികസഹായം ഉറപ്പുവരുത്തുന്ന കരാറിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫും സൗദി ഭരണനിയന്താവ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഒപ്പുവച്ചത്.
അമേരിക്ക നല്കുന്ന സുരക്ഷാ ഉറപ്പുകളെക്കുറിച്ച് പുനരവലോകനം ചെയ്യാൻ ഇസ്രേലി ആക്രമണം അറബ് രാജ്യങ്ങളെ പ്രേരിപ്പിച്ചുവെന്നാണു റിപ്പോർട്ട്. അണ്വായുധശക്തിയായ പാക്കിസ്ഥാനുമായി പ്രതിരോധ സഹകരണം വർധിപ്പിക്കാൻ സൗദിയെ പ്രേരിപ്പിച്ചതിനു കാരണം ഇതാണെന്നു സൂചനയുണ്ട്.
കരാർ പ്രകാരം സൗദിക്കോ പാക്കിസ്ഥാനോ നേർക്കുണ്ടാകുന്ന ആക്രമണം ഇരു രാജ്യങ്ങൾക്കും നേർക്കുള്ള ആക്രമണമായി പരിഗണിക്കും.
അതേസമയം, ഏതെങ്കിലും രാജ്യത്തെയോ, പ്രത്യേക സംഭവത്തെയോ കണക്കിലെടുത്തുള്ള കരാറല്ല ഇതെന്നും വർഷങ്ങൾ നീണ്ട ചർച്ചയ്ക്കൊടുവിലാണ് കരാർ യാഥാർഥ്യമായതെന്നും സൗദി വൃത്തങ്ങൾ പറഞ്ഞു.
പുതിയ സംഭവവികാസങ്ങൾ രാജ്യരക്ഷയെ ബാധിക്കുമോ എന്ന കാര്യം പരിശോധിക്കുമെന്ന് ഇന്ത്യ പ്രതികരിച്ചു. സൗദിയും പാക്കിസ്ഥാനും പ്രതിരോധ കരാർ ഉണ്ടാക്കാൻ നടത്തിയ ശ്രമങ്ങളെക്കുറിച്ച് അറിയാമായിരുന്നുവെന്നും വിദേശകാര്യമന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ സോഷ്യൽ മീഡിയയിൽ അറിയിച്ചു.