ബ്രിജിറ്റിനെതിരായ ആരോപണം: മക്രോൺ ദന്പതികൾ തെളിവ് നൽകും
Thursday, September 18, 2025 11:44 PM IST
വാഷിംഗ്ടൺ ഡിസി: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന്റെ പത്നി ബ്രിജിറ്റ് മക്രോൺ സ്ത്രീയാണെന്ന് ഉറപ്പിക്കാൻ ആവശ്യമായ ശാസ്ത്രീയ തെളിവുകളും ഫോട്ടോകളും അമേരിക്കൻ കോടതിയിൽ സമർപ്പിക്കും.
ബ്രിജിറ്റ് പുരുഷനായിട്ടാണു ജനിച്ചത് എന്നാരോപിക്കുന്ന അമേരിക്കൻ വലതുപക്ഷ ഇൻഫ്ലുവൻസർ കാൻഡൻസ് ഓവൻസിനെതിരേ മക്രോൺ ദന്പതികൾ നൽകിയ മാനനഷ്ടക്കേസിന്റെ ഭാഗമായിട്ടാണിത്.
അടുത്തിടെ വെടിയേറ്റു മരിച്ച വലതുപക്ഷ യുവനേതാവ് ചാർലി കിർക്കിന്റെ വിശ്വസ്ത മിത്രമാണ് കാൻഡൻസ്. മക്രോണും ബ്രിജിറ്റും ഡെലാവർ കോടതിയിൽ കേസ് നല്കിയിട്ടും കാൻഡൻസ് നിലപാടു മാറ്റാൻ തയാറായിട്ടില്ല.
ധനസന്പാദനവും പ്രശസ്തിയും ലക്ഷ്യമിട്ട് കാൻഡൻസ് ഉന്നയിക്കുന്ന ആരോപണങ്ങൾ തങ്ങളെ ആഗോളതലത്തിൽ നാണംകെടുത്തുന്നുവെന്നാണ് മക്രോൺ ദന്പതികളുടെ കേസ്. കാൻഡൻസിന്റെ ആരോപണങ്ങൾ തെറ്റാണെന്നു തെളിയിക്കാൻ ഏതറ്റം വരെ പോകാനും മക്രോൺ ദന്പതികൾ ദൃഢനിശ്ചയം എടുത്തതതായി അവരുടെ അഭിഭാഷകൻ ടോം ക്ലെയർ വ്യക്തമാക്കി.