റബറിൽ പ്രതീക്ഷയോടെ
വിപണിവിശേഷം /കെ.ബി. ഉദയഭാനു
Monday, September 22, 2025 1:23 AM IST
ആഗോള തലത്തിൽ റബർ ഉത്പാദനം ജനുവരി വരെയുള്ള കാലയളവിൽ ഉയർന്ന തലത്തിലേക്ക് നീങ്ങുമെന്നത് ഷീറ്റ് ലഭ്യത ഉയർത്തും, വിയറ്റ്നാമിനെ മറികടന്ന് പശ്ചിമ ആഫ്രിക്കൻ രാജ്യമായ ഐവറി കോസ്റ്റ് റബർ ഉത്പാദനത്തിൽ മുന്നേറുന്നു.
ദീപാവലി കഴിയുന്നതോടെ ഉത്തരേന്ത്യയിൽ വിവാഹ സീസണിന് തുടക്കം കുറിക്കും, വൻ ഡിമാൻഡ് മുന്നിൽ കണ്ട് ഏലക്ക സംഭരണം ഉത്തരേന്ത്യ ശക്തമാക്കി. കുരുമുളക് ഉത്പാദകർ വിപണിയുടെ തിരിച്ചുവരവിനെ ഉറ്റുനോക്കുന്നു, പത്ത് ദിവസമായി മുളക് വിലയിൽ മാറ്റമില്ല. ദീപാവലിക്കു മുന്നോടിയായി വെളിച്ചെണ്ണ ചൂടുപിടിക്കുമെന്ന നിഗമനത്തിൽ വൻകിട മില്ലുകാർ. ആഭരണ വിപണികളിൽ സ്വർണം വീണ്ടും തിളങ്ങി.
ടയർ മേഖല കാത്തിരിക്കുന്നു
തെക്കു കിഴക്കൻ ഏഷ്യൻ റബർ ഉത്പാദക രാജ്യങ്ങളിൽ മുന്നിലുള്ള മാസങ്ങളിൽ ഷീറ്റ് ലഭ്യത വർധിക്കും. ആഗോള റബർ ഉത്പാദനം ജനുവരി അവസാനം വരെ ഉയരുമെന്ന കണക്കുകൂട്ടലിലാണ് ടയർ മേഖല. തായ്ലൻഡ്, ഇന്തോനേഷ്യ, മലേഷ്യ, ഐവറി കോസ്റ്റ്, വിയറ്റ്നാം, ശ്രീലങ്ക അടക്കമുള്ള മുൻനിര രാജ്യങ്ങൾ പുതിയ ചരക്ക് വിൽപ്പനയ്ക്ക് ഇറക്കുന്നതിനിടയിൽ താഴ്ന്ന വിലയ്ക്ക് ചരക്ക് ശേഖരിക്കാമെന്ന നിഗമനത്തിലാണ് ഇറക്കുമതി രാജ്യങ്ങൾ.
ചൈന അടക്കമുള്ള ഇറക്കുമതി രാജ്യങ്ങൾ നിലവിലെ വിലയിലും താഴ്ത്തി ഷീറ്റ് ശേഖരിക്കാമെന്ന കണക്കുകൂട്ടലിലാണ്. ആ നീക്കം മണത്തറിഞ്ഞ ഊഹക്കച്ചവടക്കാർ അവധി വ്യാപാരത്തിലെ ലോംഗ് പൊസിഷനുകൾ വെട്ടിക്കുറച്ച് പുതിയ ഷോർട്ട് പൊസിഷനുകൾക്ക് ഉത്സാഹിച്ചതായാണ് വിപണിയുടെ പ്രതിദിന ചലനങ്ങൾ നൽകുന്ന സൂചന. യുഎസ് തീരുവ ഭീഷണിക്ക് ഇടയിലും ടയറിന് ആഗോള ഡിമാൻഡ് ഉയർന്നു നിൽക്കുന്നതിനാൽ ആകർഷകമായ വിലയ്ക്ക് ഷീറ്റും ലാറ്റക്സും വിപണിയിൽ ഇറക്കാനാവുമെന്ന പ്രതീക്ഷയിലാണ് റബർ ഉത്പാദക രാജ്യങ്ങൾ.
കന്നി പിറന്നതോടെ മഴ കുറഞ്ഞതിനാൽ ടാപ്പിംഗിന് കാർഷിക കേരളവും ഉണർന്നു. റെയിൻ ഗാർഡുള്ള തോട്ടങ്ങളിൽ ടാപ്പിംഗിന് അവസരം ലഭിക്കുന്നുണ്ടെങ്കിലും തുലാവർഷം തുടങ്ങുന്നതോടെ വീണ്ടും പ്രതിസന്ധി തലയുയർത്തും. രാത്രി മഴ കനത്താൽ പുലർച്ചെ റബർ വെട്ട് ദുഷ്കരമായി മാറും. സംസ്ഥാനത്ത് ആർഎസ്എസ് നാലാം ഗ്രേഡ് 18,700 രൂപയിലും അഞ്ചാം ഗ്രേഡ് 18,100 രൂപയിലുമാണ്. ബാങ്കോക്ക് ഇതേ വിലയ്ക്ക് തന്നെയാണ് ചരക്ക് വാഗ്ദാനം ചെയ്യുന്നത്.
ഏലക്കയ്ക്കു പ്രിയമേറും
മഹാനവമി-ദീപാവലി ആഘോഷങ്ങൾക്ക് ഒടുവിൽ ഉത്തരേന്ത്യയിൽ വിവാഹ സീസണാരംഭിക്കും. ഈ അവസരത്തിലെ വർധിച്ച ആവശ്യങ്ങൾ മുന്നിൽ കണ്ട് ഏലക്ക സംഭരിക്കുന്ന തിരക്കിലാണ് വ്യാപാരികൾ. ആഭ്യന്തര ഡിമാൻഡിന്റെ മികവിൽ കിലോ 2500 രൂപയ്ക്ക് മുകളിലാണ് ഉത്പന്നം നീങ്ങുന്നത്.
ലേല കേന്ദ്രങ്ങളിലേക്കുള്ള ചരക്ക് പ്രവാഹം വാങ്ങലുകാർക്ക് ആശ്വാസമായി. മറുവശത്ത് വിളവെടുപ്പ് പുരോഗമിക്കുന്നു. പല ലേലങ്ങളിലും ഒരു ലക്ഷം കിലോയ്ക്ക് മുകളിൽ ചരക്ക് ഇറങ്ങി. വിദേശ ഓർഡറുകൾ മുന്നിൽ കണ്ട് കയറ്റുമതിക്കാരും ചരക്ക് ശേഖരിക്കുന്നുണ്ട്.
കുരുമുളകു കർഷകർ പ്രതീക്ഷയിൽ
കുരുമുളക് വില പത്തുദിവസമായി മാറ്റമില്ലാതെ തുടരുകയാണ്, ഉത്സവ ഡിമാൻഡിൽ വരും ദിനങ്ങളിൽ വില ഉയരുമെന്ന പ്രതീക്ഷയിലാണ് കാർഷിക മേഖല. ഉത്പാദകർ കാര്യമായി മുളക് വിൽപ്പനയ്ക്ക് ഇറക്കുന്നില്ല.
ഉത്സവ ദിനങ്ങളായതിനാൽ വില ഉയർത്തി ചരക്ക് സംഭരിക്കാൻ അന്തർസംസ്ഥാന ഇടപാടുകാർ രംഗത്ത് ഇറങ്ങുമെന്ന കണക്കുകൂട്ടലിലാണ് ഒരു വിഭാഗം. കൊച്ചിയിൽ അൺഗാർബിൾഡ് കുരുമുളക് 68,600 രൂപ.
വെളിച്ചെണ്ണ വില ഉയർന്നു നില്ക്കും
ദക്ഷിണേന്ത്യയിൽ നാളികേര ലഭ്യത ഉയരാഞ്ഞതിനാൽ വെളിച്ചെണ്ണ വില വരും മാസങ്ങളിലും ഉയർന്ന റേഞ്ചിൽ നീങ്ങുമെന്ന് വൻകിട മില്ലുകാർ.

കാങ്കയത്ത് കൊപ്ര 22,550 രൂപയായി ഉയർന്നു, കൊച്ചിയിൽ കൊപ്ര തമിഴ്നാട് വിലയേക്കാൾ 650 രൂപ താഴ്ന്ന് 21,900 രൂപയിലാണ് നിലകൊള്ളുന്നത്. ഗ്രാമീണ മേഖലകളിൽനിന്നുള്ള പച്ചത്തേങ്ങ നീക്കം കുറഞ്ഞ അളവിലാണ്. നാളികേരം കിലോ 85 രൂപയ്ക്ക് മുകളിലാണ്. അതേസമയം വെളിച്ചെണ്ണയുടെ ഉയർന്ന വില വില്പനയെ ബാധിച്ചതായി വിപണി വൃത്തങ്ങൾ.
ഉത്പാദനം കുറഞ്ഞ് കൊക്കോ
കാലവർഷം ശക്തമായ വേളയിൽ വ്യാപകമായി കൊക്കോ പൂക്കൾ അടർന്ന് വീഴുന്നതു മൂലം ഉത്പാദനം കുറയാൻ ഇടയാകുമെന്നാണ് വിലയിരുത്തൽ. മധ്യകേരളത്തിലെ പല തോട്ടങ്ങളിലും ഉത്പാദനം പ്രതീക്ഷയ്ക്കൊത്ത് ഉയരില്ലെന്ന് ഒരു വിഭാഗം. അതേസമയം പുതിയ ചരക്ക് ക്രിസ്മസിന് മുന്നോടിയായി വിളവെടുപ്പ് നടത്താനാവുമെന്ന നിഗമനത്തിലാണവർ. മധ്യകേരളത്തിൽ പച്ച കൊക്കോ കിലോ 70-90 രൂപ വരെ താഴ്ന്നും കൊക്കോ പരിപ്പ് 350-270 രൂപയിലും വിപണനം നടന്നു. ഹൈറേഞ്ച് കായയ്ക്ക് അൽപ്പം ഉയർന്ന വില ഉറപ്പ് വരുത്താനായി.

ആഫ്രിക്കൻ രാജ്യങ്ങളിലെ വരണ്ട കാലാവസ്ഥയ്ക്ക് ഇടയിൽ മഴ തുടങ്ങിയത് കൊക്കോയുടെ അടുത്ത വിളവ് ഉയർത്തുമെന്ന പ്രതീക്ഷയിലാണ് വിപണി വൃത്തങ്ങൾ. ഈ വിലയിരുത്തലിൽ ഇടപാടുകാർ അന്താരാഷ്ട്ര മാർക്കറ്റിൽ കൊക്കോ വിറ്റുമാറുന്നുണ്ട്. അവധി വില ഓഗസ്റ്റിലെ ഉയർന്ന നിരക്കായ 8666 ഡോളറിൽനിന്ന് 7243 ഡോളറായി.
ആഭരണ കേന്ദ്രങ്ങളിൽ സ്വർണം പുതിയ റിക്കാർഡ് സ്ഥാപിച്ചു. പവൻ 81,520 രൂപയിൽ നിന്നും എക്കാലത്തെയും ഉയർന്ന നിരക്കായ 82,240 രൂപയായി ഉയർന്നു.