പലിശനിരക്ക് കുറച്ച് ഫെഡറൽ റിസർവ്
Thursday, September 18, 2025 11:44 PM IST
വാഷിംഗ്ടണ്: യുഎസ് കേന്ദ്ര ബാങ്ക് ഫെഡറൽ റിസർവ് അടിസ്ഥാന പലിശ കുറച്ചു. പ്രധാന പലിശനിരക്ക് കാൽശതമാനമാണ് കുറച്ചത്. ഇതോടെ പലിശ നിരക്ക് നാലു ശതമാനത്തിനും 4.25 ശതമാനത്തിനും ഇടയിലായി.
ഈ വർഷം ആദ്യമായാണ് ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കുന്നത്. ഡിസംബറിനുശേഷമുള്ള ആദ്യ വെട്ടിക്കുറയ്ക്കലാണ്. ഈ വർഷം രണ്ടുതവണ കൂടി നിരക്ക് കുറയ്ക്കുമെന്നും 2026ൽ ഒരു തവണകൂടി നിരക്ക് കുറയ്ക്കാൻ തീരുമാനിച്ചതായും അധികൃതർ അറിയിച്ചു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അധികാരത്തിൽ വന്നതിനുശേഷം കുടിയേറ്റം, നികുതി, മറ്റ് ട്രംപ് നയങ്ങൾ എന്നിവ രാജ്യത്തിന്റെ സന്പദ്വ്യവസ്ഥയെയും പണപ്പെരുപ്പത്തെയും എങ്ങനെ സ്വാധീനിക്കുന്നുവെന്ന് വിലയിരുത്തുന്നതിനുവേണ്ടിയാണ് ഡിസംബർ മുതൽ ഫെഡ് റിസർവ് നിരക്കുകളിൽ മാറ്റംവരുത്താതിരുന്നത്.
രാജ്യത്ത് തൊഴിലില്ലായ്മ വർധിച്ചുവരുന്ന സാഹചര്യത്തിൽ യുഎസ് കേന്ദ്ര ബാങ്കിന്റെ ശ്രദ്ധ പണപ്പെരുപ്പത്തിൽനിന്ന് മാറുകയായിരുന്നു. തൊഴിലില്ലായ്മ ഉയർന്നതുമാണ് നിരക്ക് കുറയ്ക്കാൻ തീരുമാനിച്ചതെന്ന് ഫെഡ് റിസർവ് ചെയർപേഴ്സണ് ജെറോം പവൽ പറഞ്ഞു. തൊഴിലില്ലായ്മ നിരക്ക് സംബന്ധിച്ച പ്രവചനം 4.5 ശതമാനമായി മാറ്റമില്ലാതെ തുടരുന്നു. ഈ വർഷത്തെ സാന്പത്തികവളർച്ച 1.4 ശതമാനത്തിൽനിന്ന് 1.6 ശതമാനമായി അല്പം ഉയർത്തി.
പലിശ നിരക്ക് ഒരു ശതമാനം വെട്ടിക്കുറയ്ക്കണമെന്ന് പ്രസിഡന്റ്് ട്രംപ് ആവശ്യപ്പെട്ടിരുന്നെങ്കിലും പണപ്പെരുപ്പം ഉയർന്ന തോതിൽ തുടർന്നതിനാലാണ് പലിശ നിരക്ക് കുറയ്ക്കാൻ ഇതു വരെ ഫെഡ് റിസർവ് തയാറാകാതിരുന്നത്.
യുഎസിന്റെ പണപ്പെരുപ്പ നിരക്ക് കേന്ദ്ര ബാങ്കിന്റെ ലക്ഷ്യമായ രണ്ടു ശതമാനത്തിനു മുകളിലായി തുടരുകയാണ്. ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഓഗസ്റ്റിൽ ഇത് മുൻ വർഷം മുന്പുള്ളതിനേക്കാൾ 2.9 ശതമാനം ഉയർന്നു. ജൂലൈയിൽ 2.7 ശതമാനത്തിലായിരുന്നു.
ഇന്ത്യൻ വിപണിയിൽ ഉണർവ്
പലിശ പ്രഖ്യാപനം വന്നതിനു പിന്നാലെ ഇന്ത്യൻ വിപണിയും മറ്റ് ഏഷ്യൻ വിപണികളും ഉയർന്നിട്ടുണ്ട്. ആഗോള മൂലധന വിപണിക്ക് പലിശനിരക്ക് കുറച്ചത് ഗുണകരമാകുമെന്ന പ്രതീക്ഷകളാണ് വിപണികളെ ഉയർത്തിയത്.
നിക്ഷേപരിൽനിന്ന് ലാഭമെടുപ്പ് ഉണ്ടായിട്ടും യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചതിന്റെ ബലത്തിൽ ഇന്ത്യൻ ഓഹരി വിപണി തുടർച്ചയായ മൂന്നാം ദിനത്തിലും നേട്ടത്തിൽ വ്യാപാരം പൂർത്തിയാക്കി. ഉയർന്ന തലത്തിലുള്ള ചാഞ്ചാട്ടം നിറഞ്ഞ ഓഹരി വിപണിയിൽ നിഫ്റ്റി 25400 പോയിന്റിനു മുകളിലും സെൻസെക്സ് 320 പോയിന്റ് ഉയർന്നും ക്ലോസ് ചെയ്തു.
ഇന്നലെ ശക്തമായി തുടങ്ങിയ വിപണിയിൽ പകുതിയോടെ നിക്ഷേപകർ ലാഭമെടുപ്പിലേക്കു കടന്നു. ഇത് നേട്ടങ്ങളെ ഇല്ലാതാക്കി. എന്നാൽ അവസാന മണിക്കൂറുകളിലെ വാങ്ങലുകൾ നിഫ്റ്റിയെ 93.35 പോയിന്റ് (0.37%) ഉയർത്തി 25,423.60ലും സെൻസെക്സിനെ 320.25 പോയിന്റ് (0.39%) നേട്ടത്തിൽ 83,013.96ലുമെത്തിച്ചു.
ബിഎസ്ഇ മിഡ്കാപ് 0.36 ശതമാനം ഉയർന്നപ്പോൾ സ്മോൾകാപ് ഫ്ളാറ്റായി നിലനിന്നു. മിഡ്ക്യാപ് സൂചിക 0.38 ശതമാനവും സ്മോൾക്യാപ് സൂചിക 0.29 ശതമാനവും നേട്ടം രേഖപ്പെടുത്തി.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കന്പനികളുടെ മൊത്തത്തിലുള്ള വിപണി മൂല്യം കഴിഞ്ഞ സെഷനിൽ ഏകദേശം 465 ലക്ഷം കോടി രൂപയായിരുന്നത് വ്യാഴാഴ്ച 466 ലക്ഷം കോടി രൂപയായി. വിപണി പോസിറ്റീവ് ആയി തുടരുന്നുണ്ടെങ്കിലും യുഎസും ഇന്ത്യയും തമ്മിലുള്ള വ്യാപാര ചർച്ചകളിലാണ് നിക്ഷേപകർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
നിഫ്റ്റി ഫാർമ, ഹെൽത്ത്കെയർ സൂചികകൾ യഥാക്രമം 1.50 ശതമാനവും 1.33 ശതമാനവും ഉയർന്ന് മേഖലാ സൂചികകളിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കി.
നിഫ്റ്റി ഐടി 0.83 ശതമാനം ആരോഗ്യകരമായ നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി ബാങ്ക്, ഫിനാൻഷൽ സർവീസസ് സൂചികകൾ യഥാക്രമം 0.42 ശതമാനവും 0.50 ശതമാനവും ഉയർന്നു.
നിഫ്റ്റി മീഡിയ, പിഎസ് യു ബാങ്ക് , റിയൽറ്റി , ഓയിൽ ആൻഡ് ഗ്യാസ് എന്നിവ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.