റിലയൻസ് റീട്ടെയിലും ഐപിഒയ്ക്ക്
Tuesday, September 16, 2025 11:09 PM IST
മുംബൈ: റിലയൻസ് റീട്ടെയ്ലും പ്രരംഭ ഓഹരി വിൽപ്പന (ഐപിഒ)യിലേക്കു കടക്കുന്നു. റിലയൻസ് ഇൻഡസ്ട്രീസിന്റെ ടെലികോം കന്പനിയായ റിലയൻസ് ജിയോയുടെ പ്രരംഭ ഓഹരി വിൽപ്പന (ഐപിഒ) അടുത്ത വർഷമുണ്ടാകുമെന്ന് ചെയർമാൻ മുകേഷ് അംബാനി അടുത്തിടെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് റിലയൻസ് റീട്ടെയിലും ഓഹരി വിൽപ്പനയിലേക്കു കടക്കുമെന്ന റിപ്പോർട്ടുകൾ വന്നിരിക്കുന്നത്.
ജിയോയുടെ ഓഹരി വില്പന അടുത്ത വർഷമാണെങ്കിൽ റിലയൻസ് റീട്ടെയ്ലിന്റെ ഐപിഒ 2027ൽ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. 200 ബില്യണ്‍ ഡോളർ മൂല്യം കണക്കാക്കി റിലയൻസ് റീട്ടെയിൽ പ്രാരംഭ ഓഹരി വിൽപ്പനയ്ക്ക് ഒരുങ്ങുന്നതായാണ് റിപ്പോർട്ട്.
ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ശൃംഖലയെന്ന് വിശേഷിപ്പിക്കപ്പെടുന്ന റിലയൻസ് റിട്ടെയിൽ ഇതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെ ഭാഗമായി എഫ്എംസിജി (ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്സ്) മേഖലയിൽ പ്രവർത്തിക്കുന്ന റിലയൻസ് കണ്‍സ്യൂമർ പ്രോഡക്ട്സിനെ റിലയൻസ് റീട്ടെയ്ൽ നിന്ന് വേർതിരിക്കും. റിലയൻസ് ഇൻഡസ്ട്രീസിന്റെ നേരിട്ടുള്ള സബ്സിഡിയറിയായി ഇതിനെ മാറ്റും.
മൂല്യം കൂട്ടൽ തുടങ്ങി
കന്പനിയുടെ മൂല്യം വർധിപ്പിക്കാനുള്ള നടപടികളും റിലയൻസ് തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി നഷ്ടത്തിലുള്ള റിലയൻസ് റീട്ടെയിൽ സ്റ്റോറുകൾ പൂട്ടുകയോ മാറ്റം വരുത്തുകയോ ചെയ്യും. ഇതുവഴി നഷ്ടം കുറയ്ക്കാനും കൂടുതൽ മൂല്യം കണക്കാക്കാനും കഴിയുമെന്നാണ് കരുതുന്നത്. വിപണിയിലേക്ക് പോകാൻ കഴിയുന്ന തരത്തിൽ നല്ല മൂല്യം നേടുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
വിപണി പ്രവേശനം സാധ്യമായാൽ കന്പനിയിലെ പ്രമുഖ നിക്ഷേപകരായ സിംഗപ്പുർ ജിഐസി, അബുദാബി ഇൻവെസ്റ്റ്മെന്റ് അഥോറിറ്റി, ഖത്തർ ഇൻവെസ്റ്റ്മെന്റ് അഥോറിറ്റി, കെകെആർ, ടിപിജി, സിൽവർ ലേക്ക് പോലുള്ളവർക്കും അവരുടെ ഓഹരി വിഹിതം വിറ്റൊഴിയാവുന്നതാണ്.
റിലയൻസ് കണ്‍സ്യൂമറിനെ വേർപെടുത്തിയശേഷം റിലയൻസ് റീട്ടെയിലിൽ റിലയൻസ് സ്മാർട്ട്, ഫ്രെഷ്പിക്ക്, റിലയൻസ് ഡിജറ്റൽ, ജിയോ മാർട്ട്, റിലയൻസ് ട്രെൻഡ്സ്, 7 ഇലവൻ, റിലയൻസ് ജുവൽസ്, യൂസ്റ്റ, മെട്രോ, ട്രെൻഡ് ഫുട്വെയർ, അജിയോ, പോർട്ടികോ തുടങ്ങിയ ബ്രാൻഡുകൾ ഉണ്ടാകും.