ഉപരോധമുള്ള കപ്പലുകൾ ഇന്ത്യൻ തുറമുഖത്ത്
Monday, September 15, 2025 11:26 PM IST
മുംബൈ: യൂറോപ്യൻ യൂണിയനും ബ്രിട്ടനും കഴിഞ്ഞ വർഷം ഉപരോധം ഏർപ്പെടുത്തിയ എണ്ണക്കപ്പലുകൾ റഷ്യൻ എണ്ണയുമായി അദാനി ഗ്രൂപ്പ് നിയന്ത്രിക്കുന്ന ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തെത്തി.
സ്പാർട്ടൻ, നോബിൾ വാക്കർ എന്നീ ചരക്കുകപ്പലുകളാണ് എത്തിയത്. ദ് സ്പാർട്ടനിൽ റഷ്യൻ ക്രൂഡ് ഓയിലിന്റെ 10 ലക്ഷം ബാരലുകളും നോബിൾ വാക്കറിൽ 10 ലക്ഷം ബാരലുകളുമാണുള്ളത്. കപ്പൽ മുന്ദ്രയിലെത്തിയതെന്ന് വിപണി നിരീക്ഷകരായ കെപ്ലർ, എൽഎസ്ഇജി, വോർട്ടെക്സ് എന്നിവയുടെ ഡേറ്റ അധിഷ്ഠിതമാക്കിയാണ് റിപ്പോർട്ട് വന്നത്. സ്പാർട്ടനിലെയും നോബിൾ വാക്കറിലെ എണ്ണ എച്ച്പിസിഎൽ മിത്തൽ എനർജി ലിമിറ്റഡിനായുള്ളതാണ്.
റഷ്യൻ എണ്ണയുടെ വിതരണത്തെ സഹായിക്കുന്നെന്ന് ചൂണ്ടിക്കാട്ടി ഒരുവർഷം മുൻപാണ് ഈ ടാങ്കറുകൾക്ക്് യൂറോപ്യൻ യൂണിയനും ബ്രിട്ടനും ഉപരോധം ഏർപ്പെടുത്തിയത്.
അതേസമയം യൂറോപ്യൻ യൂണിയൻ, യുഎസ്, ബ്രിട്ടൻ എന്നിവയുടെ ഉപരോധമുള്ള എണ്ണ ടാങ്കറുകൾക്ക് ഈമാസം 11 മുതൽ മുന്ദ്ര ഉൾപ്പെടെ 14 തുറമുഖങ്ങളിൽ അദാനി ഗ്രൂപ്പ് വിലക്കേർപ്പെടുത്തിയിരുന്നു.
എന്നാൽ, വിലക്ക് പ്രഖ്യാപിക്കുന്നതിനു മുൻപ് തുറമുഖത്തേക്ക് പുറപ്പെട്ട കപ്പലുകളെ വിലക്കിൽനിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു. ഇതിലുൾപ്പെട്ട കപ്പലാണ് ഇപ്പോൾ എത്തിയതെന്നാണ് സൂചന. റഷ്യയിൽ നിന്നുള്ളതുൾപ്പെടെയുള്ള എണ്ണ ഇറക്കുമതിക്കായി ഇന്ത്യൻ റിഫൈനർമാരായ എച്ച്എംഇഎൽ, ഇന്ത്യൻ ഓയിൽ കോർപറേഷൻ എന്നിവ മുന്ദ്ര തുറമുഖം ഉപയോഗിക്കുന്നു.
2022ലെ യുക്രെയ്ൻ അധിനിവേശത്തിന് റഷ്യക്ക് പാശ്ചാത്യരാജ്യങ്ങൾ ഉപരോധങ്ങൾ ഏർപ്പെടുത്തിയതിനു ശേഷം കടൽമാർഗം റഷ്യൻ എണ്ണയുടെ ഏറ്റവും വലിയ വാങ്ങലുകാരായി ഇന്ത്യ മാറി.
യുഎസ്, യൂറോപ്യൻ യൂണിയൻ, ബ്രിട്ടൻ തുടങ്ങിയവർ റഷ്യൻ ഓയിലിന് ഉപരോധം ഏർപ്പെടുത്തിയതിനെത്തുടർന്ന് ഷാഡോ ഫ്ളീറ്റുകളിലാണ് എണ്ണ കയറ്റുമതി ചെയ്യുന്നത്.