ട്രില്യൺ കടന്ന് സ്മാർട്ട്ഫോൺ കയറ്റുമതി
Monday, September 15, 2025 11:26 PM IST
മുംബൈ:ഇന്ത്യയിൽ നിന്നുള്ള സ്മാർട്ട്ഫോണ്‍ കയറ്റുമതി ചരിത്രം കുറിച്ച് മുന്നേറുന്നു. റിക്കാർഡുകൾ തിരുത്തി കുതിക്കുന്ന സ്മാർട്ട്ഫോണ്‍ കയറ്റുമതി നടപ്പുസാന്പത്തിക വർഷത്തിലെ (2025-26) ആദ്യ അഞ്ച് മാസത്തിൽ ഒരുലക്ഷം കോടി രൂപ കടന്നു. മുൻ സാന്പത്തിക വർഷത്തെ സമാനകാലയളവിൽ 64,500 കോടി രൂപയുടെ കയറ്റുമതിയാണ് നടന്നത്. ഇക്കുറി 55 ശതമാനം വർധനയാണുണ്ടായിരിക്കുന്നത്.
ആകെ കയറ്റുമതിയിൽ മുന്നിൽ ആപ്പിൾ ഐഫോണുകളാണ്. 75 ശതമാനവും രണ്ട് ആപ്പിൾ ഐഫോൺ നിർമാതാക്കളുടെ വകയാണെന്നതും ശ്രദ്ധേയമാണ്. ഫോക്സ്കോണ്‍, ടാറ്റ ഇലക്ട്രോണിക്സ് എന്നീ കന്പനികൾ 75,000 കോടി രൂപയുടെ ഫോണുകളാണ് കയറ്റുമതി നടത്തിയത്. 2023-24 സാന്പത്തിക വർഷത്തിലെ കാലയളവിലെ ആദ്യ അഞ്ച് മാസത്തിലെ കയറ്റുമതി 25,600 കോടി രൂപയായിരുന്നു. അന്ന് 12 മാസത്തിനുള്ളിൽ 90,000 കോടി രൂപയുടെ സ്മാർട്ട്ഫോണുകളാണ് കടൽ കടന്നത്.
പിഎൽഐ പദ്ധതി ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നു
കേന്ദ്രസർക്കാർ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) പദ്ധതി സ്മാർട്ട്ഫോണ്‍ നിർമാണ രംഗത്ത് നടപ്പിലാക്കിയതാണ് മേഖലയിൽ വലിയ മാറ്റത്തിന് കാരണമായത്. ഇത് സ്മാർട്ട്ഫോണ്‍ നിമാതാക്കളെ ഇന്ത്യയിൽ നിർമാണ കേന്ദ്രങ്ങൾ വ്യാപിപ്പിക്കാൻ പ്രേരിപ്പിക്കുന്നു. ഇതേത്തുടർന്ന് ആപ്പിൾ തമിഴ്നാട്ടിലും കർണാടകയിലും ഉത്പാദനം വർധിപ്പിച്ചുകൊണ്ട് യുഎസ് ഏർപ്പെടുത്തിയ ഉയർന്ന തീരുവയിൽനിന്ന് രക്ഷപ്പെട്ടു. പ്രാദേശിക ഉത്പാദനം, നിക്ഷേപങ്ങൾ, കയറ്റുമതി എന്നിവ വർധിപ്പിക്കാനായി കന്പനികൾക്ക് ഉത്പാദനത്തിന്റെ അടിസ്ഥാനത്തിൽ സാന്പത്തിക സഹായം നൽകുന്ന പദ്ധതിയാണ് പിഎൽഐ.
വിതരണ ശൃംഖലയുടെ വൈവിധ്യം ഇന്ത്യക്ക് നേട്ടം
2025ൽ യുഎസ് വിപണിയിലേക്കുള്ള ഭൂരിഭാഗം ഐഫോണുകളും ഇന്ത്യയിൽനിന്നായിരിക്കുമെന്ന് ആപ്പിൾ വ്യക്തമാക്കിയിട്ടുണ്ട്. യുഎസിലേക്കുള്ള ഇന്ത്യയുടെ ഐഫോണ്‍ ഇറക്കുമതി ഗണ്യമായി ഉയരുന്നുണ്ട്. 2025ന്റെ ആദ്യപകുതിയിൽ ഇന്ത്യയിൽ അസംബിൾ ചെയ്ത ഐഫോണുകളുടെ 78 ശതമാനവും യുഎസ് ഇറക്കുമതി ചെയ്തു. കഴിഞ്ഞ വർഷമിത് 53 ശതമാനമായിരുന്നു.
ഏപ്രിൽ-ജൂണ്‍ പാദത്തിൽ പിഎൽഐ സ്കീമിന്റെ ഫലമായി ഇന്ത്യ ചൈനയെ മറികടന്ന് അമേരിക്കയിലേക്കുള്ള മുൻനിര സ്മാർട്ട്ഫോണ്‍ കയറ്റുമതിക്കാരായി. യുഎസ് സ്മാർട്ട്ഫോണ്‍ ഇറക്കുമതിയുടെ 44 ശതമാനം ഇന്ത്യയാണ് വഹിക്കുന്നത്.
ഒരു വർഷം മുന്‍പ് ഇത് വെറും 13 ശതമാനം മാത്രമായിരുന്നു. ചൈനയുടെ വിപണിവിഹിതം 25 ശതമാനത്തിലേക്കു താഴ്ന്നു. ചൈനയ്ക്ക് പുറത്ത് നിർമാതാക്കൾ ചെലവ് കുറഞ്ഞതും സ്ഥിരതയുള്ളതുമായ ബദലുകൾ തേടുന്ന ഈ പുതിയ മാറ്റം ഒരു വലിയ ആഗോള വിതരണ ശൃംഖല പുനഃക്രമീകരണത്തിന്റെ ഭാഗമാണ്.
സ്മാർട്ട്ഫോണ്‍ വിൽപ്പനയിൽ ഇന്ത്യ വൻ കുതിപ്പു നടത്തുന്നതിനെത്തുടർന്ന് ചൈനയ്ക്കും വിയറ്റ്നാമിനുമൊപ്പം ആഗോള ഇലക്ട്രോണിക്സ് നിർമാണത്തിൽ ഇന്ത്യ പ്രധാന സ്ഥാനത്തേക്കുയർന്നിരിക്കുകയാണ്. കന്പനികൾ വിതരണശൃംഖലകൾ വൈവിധ്യവത്കരിക്കുന്നതിനാൽ ഇന്ത്യൻ സ്മാർട്ട്ഫോണ്‍ കയറ്റുമതി വൻ മുന്നേറ്റമുണ്ടാക്കാൻ സാധ്യതകളുണ്ട്.
സാംസംഗും മോട്ടൊറോളയും ഇന്ത്യയിൽനിന്ന് യുഎസിലേക്കുള്ള വിതരണം ഉയർത്തി. എന്നാൽ, ഇവരുടെ പ്രവർത്തനങ്ങൾ ആപ്പിളിനെക്കാൾ സാവധാനമാണ്. ആപ്പിളിനെപ്പോളലെതന്നെ മോട്ടൊറോളയ്ക്ക് ചൈനയിലാണ് പ്രധാന നിർമാണ കേന്ദ്രം. സാംസംഗിന്റെ പ്രധാന സ്മാർട്ട്ഫോണ്‍ നിർമാണ കേന്ദ്രം വിയറ്റ്നാമിലാണ്.
ഇന്ത്യയിൽ 2014ൽ ഉണ്ടായിരുന്ന രണ്ടു മൊബൈൽ നിർമാണ യൂണിറ്റിനെ അപേക്ഷിച്ച് ഇപ്പോൾ 300 നിർമാണ കേന്ദ്രങ്ങളാണുള്ളത്.