കേരള-യൂറോപ്യൻ യൂണിയൻ കോണ്‍ക്ലേവ് തിരുവനന്തപുരത്ത്
Monday, September 15, 2025 11:26 PM IST
തിരുവനന്തപുരം: കേരള -യൂറോപ്യൻ യൂണിയൻ കോണ്‍ക്ലേവ് 18,19 തീയതികളിൽ തിരുവനന്തപുരത്ത് നടക്കും. 19നു കോവളം ദ് ലീല റാവിസിൽ മുഖ്യമന്ത്രി പിണറായി വിജയൻ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യും.
സമുദ്രാധിഷ്ഠിത സാന്പത്തിക വളർച്ചയിലൂടെയുള്ള സുസ്ഥിര വികസനവും തീരമേഖലയുടെ സമഗ്ര സന്പദ്വ്യവസ്ഥയിലെ പങ്കാളിത്തവും ലക്ഷ്യമിട്ടുള്ളതാണു ദ്വിദിന കോണ്ക്ലേവെന്നു മന്ത്രി സജി ചെറിയാൻ പറഞ്ഞു.
ഇന്ത്യയിൽ നിന്നും യൂറോപ്പിൽ നിന്നുമുള്ള 500 ലധികം പ്രതിനിധികൾ പരിപാടിയിൽ പങ്കെടുക്കും. ഫിൻലാൻഡ്, ഫ്രാൻസ്, ഹംഗറി, പോളണ്ട്, സ്ലൊവാക്യ, സ്ലൊവേനിയ, സ്വീഡൻ, ഡെൻമാർക്ക്, ബൾഗേറിയ, ഓസ്ട്രിയ, മാൾട്ട, സ്പെയിൻ, ഇറ്റലി, നെതർലാൻഡ്സ്, ബെൽജിയം, റൊമാനിയ, ജർമനി എന്നീ 17 യൂറോപ്യൻ രാജ്യങ്ങൾ പരിപാടിയിൽ പങ്കെടുക്കുമെന്ന് ഉറപ്പിച്ചിട്ടുണ്ട്.
കേന്ദ്രമന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, നയവിദഗ്ധർ, വ്യവസായ പ്രമുഖർ തുടങ്ങിയവർ സമ്മേളനത്തിന്റെ ഭാഗമാകുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിന്റെ വിശാലമായ സമുദ്രതീര സാധ്യതകളും യൂറോപ്യൻ യൂണിയന്റെ ശാസ്ത്രീയ-നയ വൈദഗ്ധ്യവും പ്രയോജനപ്പെടുത്തി സംസ്ഥാനത്തെ സുസ്ഥിര സമുദ്രാധിഷ്ഠിത വികസന മാതൃകയായി വികസിപ്പിക്കുന്നതിനുള്ള രൂപരേഖ പരിപാടിയിൽ അവതരിപ്പിക്കും.