മെഷീനറി എക്സ്പോ 20 മുതല്‍
Thursday, September 18, 2025 1:20 AM IST
കൊച്ചി: സംസ്ഥാന വ്യവസായ- വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന ഏഴാമത് മെഷീനറി എക്സ്പോ കാക്കനാട് കിന്‍ഫ്ര ഇന്റര്‍നാഷണല്‍ എക്സിബിഷന് സെന്ററില്‍ 20 മുതല്‍ 23 വരെ നടക്കും. 20ന് രാവിലെ 10.30ന് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. രാവിലെ 10 മുതല്‍ വൈകുന്നേരം ആറു വരെയാണ് പ്രവേശനം.
പ്രവേശനം സൗജന്യമാണ്. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടുന്ന മെഷീനറികള്‍ പ്രദര്‍ശിപ്പിക്കുകയാണ് എക്സ്പോയിലൂടെ ലക്ഷ്യമിടുന്നതെന്ന് എറണാകുളം ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി.എ. നജീബ് പത്രസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിനുപുറമെ ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട്, കര്‍ണാടക, ഹരിയാന സംസ്ഥാനങ്ങളില്‍നിന്നായി 230 സ്റ്റാളുകളാണ് പ്രദര്‍ശനത്തിലുണ്ടാകുക.
ഉദ്ഘാടനസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, വ്യവസായ- വാണിജ്യവകുപ്പ് ഡയറക്ടര്‍ വിഷ്ണുരാജ്, ജില്ലാകളക്ടര്‍ ജി.പ്രിയങ്ക എന്നിവര്‍ പങ്കെടുക്കും.