വാഹന വില കുറച്ച് മാരുതി സുസുക്കി
Thursday, September 18, 2025 11:43 PM IST
മുംബൈ: ചരക്കുസേവന നികുതി നിരക്കുകൾ കേന്ദ്ര സർക്കാർ കുറച്ചതിന്റെ ആനുകൂല്യം ഉപഭോക്താക്കൾക്കു നൽകാൻ മാരുതി സുസുക്കിയും. മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് വാഹനങ്ങളുടെ വിലയിൽ വലിയ കുറവ് പ്രഖ്യാപിച്ചു. സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിലാകും.
പുതിയ വിലനിലവാരമനുസരിച്ച് എൻട്രി ലെവൽ മോഡലുകൾക്ക് വലിയ വിലക്കുറവ് വരുത്തിയിട്ടുണ്ട്. എസ്പ്രസോയ്ക്ക് 1.29 ലക്ഷം വരെ കുറവോടെ 3.49 ലക്ഷം രൂപയിൽ ആരംഭിക്കും. ഓൾട്ടോ കെ 10ന്റെ വില 1,07,600 കുറവിൽ 3,69,900 രൂപയിൽ ആരംഭിക്കും. സെലേറിയോ 94,100 രൂപ, വാഗണ്‍ ആർ 79,600 രൂപ, ഇഗ്നിസ് 71,300 രൂപ എന്നിങ്ങനെയാണ് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്.
ബലേനോ, സ്വിഫ്റ്റ്, ഡിസയർ ഉൾപ്പെടെയുള്ള പ്രീമിയം ഹാച്ച്ബാക്കുകൾക്കും സെഡാനുകൾക്കും 84,600 മുതൽ 87,700 വരെ വിലക്കുറവാണ് ലഭിച്ചത്. എസ്യുവികളിൽ ബ്രെസ, ഫ്രോങ്ക്സ് എന്നിവയ്ക്ക് 1.12 ലക്ഷത്തിൽ കൂടുതൽ വിലക്കുറവ് ലഭിച്ചപ്പോൾ ഗ്രാൻഡ് വിറ്റാരയ്ക്ക് 1.07 ലക്ഷം രൂപ വരെ കുറച്ചു. ജിംനിയുടെ വില 51,900 രൂപയും എർട്ടിഗയ്ക്ക് 46,400 രൂപയുമാണ് കുറച്ചത്.
മരുതി സുസുക്കിയുടെ ഏറ്റവും പുതിയ എസ്യുവി മോഡലായ വിക്ടോറിയസിനും ജിഎസ്ടി നിരക്കു കുറവ് അനുസരിച്ച് വിലക്കുറവുണ്ടാകും.