മൂന്നു ദിവസത്തെ കുതിപ്പിനു ശേഷം ഓഹരി വിപണിയിൽ ഇടിവ്
Friday, September 19, 2025 10:51 PM IST
മുംബൈ: തുടർച്ചയായ മുന്നേറ്റത്തിനൊടുവിൽ ഓഹരിവിപണി ഇടിവിൽ. സെൻസെക്സ് 387.73 പോയിന്റ് (0.47 ശതമാനം) ഇടിഞ്ഞ് 82,626.23ലും നിഫ്റ്റി 96.55 പോയിന്റ് (0.38 ശതമാനം) ഇടിഞ്ഞ് 25,327.05ലും എത്തി.
യുഎസ് ഫെഡറൽ റിസർവ് നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകളും ന്യൂഡൽഹിയും വാഷിംഗ്ടണും തമ്മിലുള്ള വ്യാപാര ചർച്ചകളിലെ പുരോഗതിയും കഴിഞ്ഞ മൂന്നു ദിവസമായി വിപണിയെ ഉത്തേജിപ്പിച്ചിരുന്നു. ഈ കുതിപ്പാണ് ഇന്ന് അവസാനിച്ചത്.
ഹിൻഡൻബർഗ് ആരോപണ വിഷയത്തിൽ സെബി ക്ലീൻ ചിറ്റ് നൽകിയതിന്റെ ഫലമായി അദാനി ഗ്രൂപ്പ് വൻ മുന്നേറ്റമാണ് ഇന്ന് ഓഹരിവിപണിയിൽ കാഴ്ചവച്ചത്.
അതിനിടെ ഡോളറിനെതിരെ രൂപ ഇന്നും ഇടിഞ്ഞു. യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് കുറച്ചതിനെ തുടർന്ന് ഡോളർ ശക്തിയാർജിച്ചതാണ് ഇന്നും രൂപയ്ക്കു വിനയായത്. ഡോളറിനെതിരേ ഏഴു പൈസയുടെ നഷ്ടത്തോടെ 88.20 എന്ന നിലയിലാണ് രൂപയുടെ മൂല്യം.