മെഷീനറി എക്സ്പോ ഇന്നുമുതൽ
Friday, September 19, 2025 10:51 PM IST
കൊച്ചി: സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന ഏഴാമത് മെഷീനറി എക്സ്പോ ഇന്ന് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ തുടങ്ങും. രാവിലെ 10.30ന് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് അത്യാധുനിക സാങ്കേതികവിദ്യകൾ ഉൾപ്പെടുന്ന മെഷീനറികൾ പ്രദർശിപ്പിക്കുകയാണ് എക്സ്പോയുടെ ലക്ഷ്യം.
കേരളത്തിനു പുറമേ ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട്, കർണാടക, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ള മെഷീനറി നിർമാതാക്കളും എക്സ്പോയിൽ പങ്കെടുക്കുന്നുണ്ട്.
45,000 ചതുരശ്ര അടി വിസ്തീർണത്തിൽ ഒരുക്കുന്ന പവലിയനുകളിലായി 230ലധികം സ്റ്റാളുകളാണു പ്രദർശനത്തിലുണ്ടാകുക.
കാര്‍ഷിക അധിഷ്ഠിത ഭക്ഷ്യസംസ്കരണവും പാക്കേജിംഗും, ജനറല്‍ എൻജിനിയറിംഗ്- ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, തടി അധിഷ്ഠിത വ്യവസായം, റബര്‍, പ്ലാസ്റ്റിക്, പാദരക്ഷ, പ്രിന്റിംഗ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, ആയുര്‍വേദം, വസ്ത്രങ്ങള്‍, മാലിന്യസംസ്കരണം, പ്ലാസ്റ്റിക് പുനരുപയോഗം ഇ-മൊബിലിറ്റി/പുനരുപയോഗ ഊര്‍ജം തുടങ്ങിയവയാണ് എക്സ്പോയുടെ കേന്ദ്രീകൃത മേഖലകള്‍.
രാവിലെ 10 മുതൽ വൈകുന്നേരം ആറുവരെ നടക്കുന്ന എക്പോയിൽ പ്രവേശനം സൗജന്യമാണ്. 23ന് സമാപിക്കും.