യുപിഐ മുഖേന ജിഎസ്ടി പേമെന്റിനു സൗകര്യമൊരുക്കി സൗത്ത് ഇന്ത്യൻ ബാങ്ക്
Friday, September 19, 2025 10:51 PM IST
തൃശൂർ: രാജ്യത്തെ നികുതിദായകർക്കു ജിഎസ്ടി പേമെന്റുകൾ വേഗത്തിൽ ചെയ്യുന്നതിനു യുപിഐ സൗകര്യം ഏർപ്പെടുത്തി സൗത്ത് ഇന്ത്യൻ ബാങ്ക്.
കേന്ദ്രസർക്കാരിന്റെ ജിഎസ്ടി പോർട്ടലിൽ യുപിഐ അടിസ്ഥാനത്തിലുള്ള പേയ്മെന്റ് സംവിധാനം സംയോജിപ്പിച്ചാണ് സൗത്ത് ഇന്ത്യൻ ബാങ്ക് പുതിയ സൗകര്യം അവതരിപ്പിച്ചത്.
ഇനിമുതൽ, ബാങ്കിന്റെ ഉപയോക്താക്കൾക്കു പുറമേ മുഴുവൻ ആളുകൾക്കും യുപിഐ ക്യുആർ കോഡ്, വിപിഎ ഐഡികൾ മുഖേന എളുപ്പത്തിൽ ജിഎസ്ടി അടയ്ക്കാം.
സർക്കാർ ഇടപാടുകൾ നടത്താൻ റിസർവ് ബാങ്ക് അധികാരപ്പെടുത്തിയ ഏജൻസി ബാങ്കാണ് സൗത്ത് ഇന്ത്യൻ ബാങ്ക്. പരോക്ഷ നികുതികൾ സ്വീകരിക്കുന്നതിനു സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസിന്റെ (സിബിഐസി) അംഗീകാരവും ബാങ്കിനുണ്ട്.
2023 ഏപ്രിൽ മുതൽ എസ്ഐബിയുടെ ഇന്റർനെറ്റ് ബാങ്കിംഗ് പ്ലാറ്റ്ഫോമായ ‘സൈബർനെറ്റ്’, ബ്രാഞ്ച് കൗണ്ടറുകൾ എന്നിവ വഴി ബാങ്ക് ജിഎസ്ടി പേയ്മെന്റ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. യുപിഐ സംവിധാനം അവതരിപ്പിച്ചതോടെ വ്യാപാരികൾക്കും വ്യക്തികൾക്കും ഒരുപോലെ ജിഎസ്ടി പേയ്മെന്റ് എളുപ്പമാകും.
നികുതിദായകർക്ക് ജിഎസ്ടി പേയ്മെന്റുകൾ വേഗത്തിലും സൗകര്യപ്രദവുമായ രീതിയിലും അടയ്ക്കാൻ കഴിയുന്ന സംവിധാനമാണ് സൗത്ത് ഇന്ത്യൻ ബാങ്ക് ഒരുക്കുന്നതെന്ന് ബാങ്കിന്റെ സീനിയർ ജനറൽ മാനേജരും ബ്രാഞ്ച് ബാങ്കിംഗ് മേധാവിയുമായ എസ്.എസ്. ബിജി പറഞ്ഞു.