നീല സന്പദ്വ്യവസ്ഥയിലൂടെയുള്ള സുസ്ഥിര വികസനത്തിനായി കേരളം പ്രവർത്തിക്കും: മുഖ്യമന്ത്രി
Friday, September 19, 2025 10:51 PM IST
തിരുവനന്തപുരം: സാന്പത്തിക വളർച്ചയും പാരിസ്ഥിതിക സുസ്ഥിരതയും സന്തുലിതമാക്കുന്ന നീല സന്പദ് വ്യവസ്ഥാ കാഴ്ചപ്പാട് കേരളം സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
സംസ്ഥാന ഫിഷറീസ് വകുപ്പ് കേന്ദ്ര സർക്കാരിന്റെയും യൂറോപ്യൻ യൂണിയന്റെയും സഹകരണത്തോടെ "രണ്ട് തീരങ്ങൾ, ഒരേ കാഴ്ചപ്പാട്' എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ബ്ലൂ ടൈഡ്സ്: കേരള യൂറോപ്യൻ യൂണിയൻ കോണ്‍ക്ലേവ് കോവളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പരസ്പര ബഹുമാനത്തിലും മൂല്യങ്ങളിലും അധിഷ്ഠിതമായ കേരള-യൂറോപ്യൻ യൂണിയൻ സഹകരണം സമുദ്രാധിഷ്ഠിത വളർച്ചയുടെ സുസ്ഥിര വികസനത്തിൽ ഇരു പങ്കാളികൾക്കും ധാരാളം അവസരങ്ങൾ തുറക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഒരു ദശലക്ഷത്തിലധികം ആളുകൾ നേരിട്ടോ അല്ലാതെയോ മത്സ്യബന്ധനത്തെയും അനുബന്ധ പ്രവർത്തനങ്ങളെയും ആശ്രയിക്കുന്നുണ്ട്. സംസ്ഥാനം മത്സ്യബന്ധന തുറമുഖങ്ങൾ നവീകരിക്കുകയും ആഴക്കടൽ മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കുകയും പുതിയ സാങ്കേതികവിദ്യകൾ അവതരിപ്പിക്കുകയും ചെയ്യുന്നു.
അതേസമയം, ചെറുകിട പരന്പരാഗത മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങളും ഉപജീവനമാർഗങ്ങളും സംരക്ഷിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സുസ്ഥിരവും സ്വീകാര്യവുമായ സംരംഭങ്ങളിലൂടെ രാജ്യത്തിന്റെ നീല സന്പദ് വ്യവസ്ഥ വികസിപ്പിക്കുക എന്ന കേന്ദ്ര സർക്കാരിന്റെ കാഴ്ചപ്പാടിൽ കേരളം സുപ്രധാന പങ്കുവഹിക്കുന്നുണ്ടെന്നു വിശിഷ്ടാതിഥിയായിരുന്ന കേന്ദ്ര ഫിഷറീസ് മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി രാജീവ് രഞ്ജൻ സിംഗ് പറഞ്ഞു.
കേന്ദ്ര തുറമുഖ ഷിപ്പിംഗ് ജലപാത മന്ത്രി സർബാനന്ദ സോനോവാൾ ഓണ്‍ലൈനായി അഭിസംബോധന ചെയ്തു. ഇന്ത്യയിലെ യൂറോപ്യൻ യൂണിയൻ അംബാസഡർ ഹെർവ് ഡെൽഫിൻ മുഖ്യപ്രഭാഷണം നടത്തി. ഫിഷറീസ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു.
കേന്ദ്ര ഫിഷറീസ് മൃഗസംരക്ഷണ ക്ഷീര വികസന സഹമന്ത്രി ജോർജ് കുര്യൻ, പ്രമുഖ വ്യവസായിയും നോർക്ക റൂട്ട്സ് വൈസ് ചെയർമാനുമായ എം.എ. യൂസഫലി എന്നിവർ പ്രസംഗിച്ചു. 18 യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽനിന്നുള്ള അംബാസഡർമാരും പ്രതിനിധികളുമാണ് സമ്മേളനത്തിൽ പങ്കെടുത്തത്.