""ഉണർന്നിരുന്നാൽ വോട്ട് മോഷണം''; തെരഞ്ഞെടുപ്പ് കമ്മീഷനെ വിടാതെ രാഹുൽ
Saturday, September 20, 2025 1:19 AM IST
സനു സിറിയക്
ന്യൂഡൽഹി: വോട്ട് മോഷണ ആരോപണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ വിടാതെ പിന്തുടർന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
കമ്മീഷൻ ഉണർന്നിരിക്കുന്പോഴാണു വോട്ട് മോഷണം നടന്നതെന്ന വ്യാഴാഴ്ചത്തെ വാർത്താ സമ്മേളനത്തിലെ ആരോപണം സമൂഹമാധ്യമമായ എക്സിൽ രാഹുൽ ഇന്നലെയും ആവർത്തിച്ചു.
പുലർച്ചെ നാലിനുണർന്ന് 36 സെക്കൻഡിനുള്ളിൽ രണ്ടു വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്ത് വീണ്ടും കിടന്നുറങ്ങി. ഇത്തരത്തിലാണു രാജ്യത്ത് വോട്ട് മോഷണം നടക്കുന്നത്.
തെരഞ്ഞെടുപ്പിന്റെ കാവൽക്കാരനായ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉണർന്നിരുന്ന് ഈ മോഷണം വീക്ഷിക്കുന്നു വെ ന്നും വോട്ട് മോഷ്ടാക്കളെ സംരക്ഷിക്കുന്നുവെന്നും രാഹുൽ തന്റെ സമൂഹമാധ്യമ പോസ്റ്റിൽ കുറ്റപ്പെടുത്തി.
വാർത്താസമ്മേളനത്തിൽ നാഗരാജ് എന്ന വ്യക്തിയുടെ പേരിൽ പുലർച്ചെ 4.07 ന് നൽകിയ രണ്ട് വോട്ടുവെട്ടൽ അപേക്ഷ പരാമർശിച്ചാണു കമ്മീഷനെ പ്രതിക്കൂട്ടിൽ നിർത്തി രാഹുൽ ആരോപണം ആവർത്തിച്ചത്.