"പരസ്പര താത്പര്യങ്ങൾ കണക്കിലെടുത്തുള്ള പങ്കാളിത്തം സൗദിയിൽനിന്നു പ്രതീക്ഷിക്കുന്നു'; പാക്-സൗദി പ്രതിരോധ കരാറിൽ കേന്ദ്രസർക്കാർ
Saturday, September 20, 2025 1:19 AM IST
ന്യൂഡൽഹി: പാക്കിസ്ഥാനും സൗദി അറേബ്യയും തമ്മിലുള്ള പ്രതിരോധക്കരാറിൽ പ്രതികരണവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം.
സൗദിയുമായി ഇന്ത്യക്കു വിശാലമായ നയതന്ത്ര പങ്കാളിത്തമുണ്ടെന്നും പരസ്പര താത്പര്യങ്ങളും സംവേദനക്ഷമതയും കണക്കിലെടുത്തുള്ള പങ്കാളിത്തം സൗദിയിൽനിന്നു പ്രതീക്ഷിക്കുന്നതായും വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീർ ജയ്സ്വാൾ വ്യക്തമാക്കി.
വിദേശകാര്യമന്ത്രാലയം ആഴ്ചതോറും നടത്താറുള്ള വാർത്താസമ്മേളനത്തിലാണ് പാക്കിസ്ഥാനും സൗദിയും തമ്മിൽ ഒപ്പുവച്ച നിർണായക പ്രതിരോധ കരാറിൽ കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.
ഒരു രാജ്യത്തിനെതിരേയുള്ള ആക്രമണം ഇരുരാജ്യത്തിനുമെതിരേയുള്ളതായി കണക്കാക്കുമെന്ന് പ്രധാന വ്യവസ്ഥയുള്ള കരാർ ഇന്ത്യ സസൂക്ഷ്മം വിലയിരുത്തി പഠിക്കുമെന്ന് കഴിഞ്ഞദിവസം വിദേശകാര്യമന്ത്രാലയം പ്രതികരിച്ചിരുന്നു.
സൗദിയുമായി നല്ല ബന്ധം പുലർത്തുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ കരാറിലെ വ്യവസ്ഥ ബാധിക്കുമെങ്കിലും ഇന്ത്യയുമായി എക്കാലത്തെയും മികച്ച ബന്ധമാണു പുലർത്തുന്നതെന്ന് സൗദി ഉദ്യോഗസ്ഥരും കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു.