വിജയപുര എസ്ബിഐ ബാങ്ക് കവര്‍ച്ച; സ്വര്‍ണവും പണവുമടങ്ങിയ ബാഗ് കണ്ടെത്തി
Saturday, September 20, 2025 12:43 AM IST
ബംഗളൂരു: കർണാടകയിലെ വിജയപുര ജില്ലയില്‍പ്പെട്ട ചദ്ചാൻ ടൗണിലെ എസ്ബിഐ ശാഖയില്‍നിന്നു കവർന്ന സ്വർണത്തിന്റെയും പണത്തിന്റെയും ഒരുഭാഗം മഹാരാഷ്ട്രയില്‍നിന്നു കണ്ടെത്തി.
സോലാപുർ ജില്ലയിലെ ഹുലാജാന്റി എന്ന ഗ്രാമത്തിലെ ഒരു വീട്ടില്‍നിന്നാണു 6.54 കിലോ സ്വർണവും 41.04 ലക്ഷം രൂപയുമടങ്ങിയ ബാഗ് കണ്ടെത്തിയത്. കർണാടകയിൽനിന്നെത്തിയ പോലീസ് സംഘവും മഹാരാഷ്ട്ര പോലീസും നടത്തിയ തെരച്ചിലിലാണ് ഇതു കണ്ടെത്തിയത്. പ്രതികളെ ആരേയും ഇനിയും പിടികൂടാനായിട്ടില്ല.
രക്ഷപ്പെട്ട പ്രതികളുടെ പക്കല്‍ രണ്ടു ബാഗുകളിലായി സ്വർണവും പണവും ഇപ്പോഴും ഉണ്ടെന്നാണ് കരുതുന്നത്. ഇവർക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ 16നാണ് മുഖംമൂടി ധരിച്ച് എത്തിയ അഞ്ചംഗ സംഘം ബാങ്ക് ജീവനക്കാരെ കെട്ടിയിട്ട് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി 20 കിലോ സ്വർണവും 1.04 കോടി രൂപയും കവർച്ച ചെയ്തത്. പ്രതികൾ രക്ഷപ്പെടാൻ ഉപയോഗിച്ച മാരുതി ഇക്കോ വാൻ മഹാരാഷ്ട്രയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.