ഗായകൻ സുബീൻ ഗാർഗ് അന്തരിച്ചു
Saturday, September 20, 2025 1:19 AM IST
ഗോഹട്ടി: പ്രശസ്ത ഗായകനും ആസാം സ്വദേശിയുമായ സുബീൻ ഗാർഗ് (52) സിംഗപ്പൂരിൽ മരിച്ചു. ശ്വാസതടസം അനുഭവപ്പെട്ട അദ്ദേഹത്തിന് സിപിആർ നൽകിയ ശേഷം ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും തീവ്രപരിചരണ കേന്ദ്രത്തിൽവച്ച് മരണം സംഭവിക്കുകയായിരുന്നു.
സിംഗപ്പൂരിലെ ആസാമീസ് വംശജരൊപ്പം ആഡംബര നൗകയിൽ സഞ്ചരിക്കവേ അപകടത്തിൽപ്പെട്ടാണു സുബീൻ ഗാർഗ് മരിച്ചതെന്ന് നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവൽ മുഖ്യ സംഘാടകൻ ശ്യാംകനു മഹന്ത പറഞ്ഞു.
മൂന്നു ദിവസം നീളുന്ന നോർത്ത് ഈസ്റ്റ് ഫെസ്റ്റിവലിൽ പങ്കെടുക്കാനാണു ഗാർഗ് സിംഗപ്പൂരിൽ എത്തിയത്. മൂന്നു പതിറ്റാണ്ടുകാലം നീണ്ട സംഗീതജീവിതത്തിൽ നാൽപ്പതിലേറെ ഭാഷകളിൽ സുബീൻ ഗാനാലാപനം നടത്തിയിട്ടുണ്ട്.
ഗാംഗ്സ്റ്ററിലെ "യാ അലി’എന്ന ഗാനമാണ് സുബീനെ പ്രശസ്തിയിലേക്ക് ഉയർത്തിയത്. ഈ ഗാനത്തിന് 2006ൽ മികച്ച പിന്നണി ഗായകനുള്ള ഗ്ലോബൽ ഇന്ത്യൻ ഫിലിം അവാർഡ്സ് (ജിഐഎഫ്എ) ലഭിച്ചു. രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളിൽ തന്റെ അഭിപ്രായം തുറന്നുപറയാൻ സുബീൻ ഒരിക്കലും മടികാണിച്ചിട്ടില്ല.
പൗരത്വനിയമ ഭേദഗതിക്കെതിരേ (സിഎഎ) നടന്ന പ്രക്ഷോഭത്തിന്റെ മുൻനിരയിൽ ഇദ്ദേഹം ഉണ്ടായിരുന്നു. 1972 നവംബർ 18ന് മേഘാലയയിലാണു സുബീൻ ജനിച്ചത്. 1992ൽ ആസാമീസ് ആൽബം "അനാമിക’യിലൂടെ അരങ്ങേറ്റം കുറിച്ചു.
സംഗീത സംവിധായൻ, നടൻ എന്നീ നിലകളിലും പ്രശസ്തനായിരുന്നു. 38 ആസാമീസ് സിനിമകൾക്കും നാലു ബംഗാളി സിനിമകൾക്കും മൂന്നു ഹിന്ദി സിനിമകൾക്കും സംഗീതസംവിധാനം നിർവഹിച്ചു.