മോദിയുടെ സിനിമ സ്കൂളുകളിൽ പ്രദർശിപ്പിക്കാനുള്ള നിർദേശത്തെ വിമർശിച്ച് പ്രതിപക്ഷം
Saturday, September 20, 2025 12:43 AM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുട്ടിക്കാലത്തെ സംബന്ധിക്കുന്ന ചിത്രമായ "ചലോ ജീതെ ഹെയ്ൻ' സ്കൂളുകളിൽ പ്രദർശിപ്പിക്കാനുള്ള കേന്ദ്രസർക്കാർ നിർദേശത്തിനെതിരേ പ്രതിപക്ഷം.
സിനിമ സിബിഎസ്ഇ, സെൻട്രൽ സ്കൂളുകളിൽ പ്രദർശിപ്പിക്കാനുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശം ക്ലാസ്റൂമുകളെ ആശയപ്രചാരണം നടത്താനുള്ള ഇടമാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
"രാഷ്ട്രനിർമാണം' എന്ന ആശയത്തിന്റെ മറവിൽ ക്ലാസ്റൂമുകളെ പ്രൊപ്പഗാന്ത തിയേറ്ററുകളാക്കി മാറ്റുകയാണെന്ന് കഴിഞ്ഞദിവസം എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വിമർശനമുന്നയിച്ചതിനു പിന്നാലെ തൃണമൂൽ കോൺഗ്രസും കേന്ദ്ര നിർദേശത്തിനെതിരേ രംഗത്തെത്തിയിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ 75-ാം ജന്മദിനം പ്രമാണിച്ച് കഴിഞ്ഞ 11നാണ് വിദ്യാഭ്യാസമന്ത്രാലയം 2018ൽ റിലീസായ സിനിമ ഈ മാസം 16നും ഒക്ടോബർ രണ്ടിനുമിടയിൽ പ്രദർശിപ്പിക്കണമെന്നാവശ്യപ്പെട്ടു സിബിഎസ്ഇ, സെൻട്രൽ സ്കൂളുകൾക്കു കത്തയച്ചത്.