മണിപ്പുരില്‍ ആസാം റൈഫിള്‍സിന്റെ വാഹനം ആക്രമിച്ചു ; രണ്ടു ജവാന്മാർക്ക് വീരമൃത്യു, മൂന്നുപേര്‍ക്കു പരിക്ക്
Saturday, September 20, 2025 1:19 AM IST
ഇംഫാല്‍: മണിപ്പുരിലെ ബിഷ് ണുപുരില്‍ ആസാം റൈഫിള്‍സിന്റെ വാഹനത്തിനുനേരേ അജ്ഞാതസംഘം നടത്തിയ വെടിവയ്പില്‍ രണ്ടു ജവാന്മാർക്കു വീരമൃത്യു.
ബിഷ്ണുപുരിലെ നംബോല്‍ ലെയ്കിയില് ഇന്നലെ വൈകുന്നേരം ആറുമണിയോടെയാണ് ആക്രമണം. ടാറ്റാ 407 വാഹനത്തില്‍ സഞ്ചരിച്ചിരുന്ന ആസാം റൈഫിള്‍സ് ഭടന്മാരെ ലക്ഷ്യമിട്ട് തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. പരിക്കേറ്റ സെനികരെ ആശുപത്രിയിലേക്കു മാറ്റി.
തീവ്രവാദികൾക്കെതിരേ സംസ്ഥാനവ്യാപകമായി സുരക്ഷാസേനയുടെ പരിശോധന തുടരുന്നതിനിടെയാണ് ആക്രമണം. കഴിഞ്ഞദിവസം നടന്ന തിരച്ചിലിൽ നാലു തീവ്രവാദികളെ അറസ്റ്റ്ചെയ്ത സുരക്ഷാസേന ഒട്ടേറെ ആയുധങ്ങളും പിടിച്ചെടുത്തിരുന്നു.
കാങ്പോക്പിയിലെ മോൺബംഗ് റിഡ്ജിൽ നടന്ന പരിശോധനയിൽ നാല് ഒറ്റക്കുഴൽ തോക്കുകളാണു പിടിച്ചെടുത്തത്. ഇംഫാൽ വെസ്റ്റിലെ ലാംസാംഗിൽ മൂന്ന് തീവ്രവാദികളെ പിടികൂടുകയും ചെയ്തു. ഒട്ടേറെ ആയുധങ്ങളും ഇവരിൽനിന്ന് കണ്ടെത്തി.