എകെജി സെന്റർ ഭൂമി വിവാദം; സിപിഎമ്മിന് സുപ്രീംകോടതി നോട്ടീസ്
Saturday, September 20, 2025 12:43 AM IST
ന്യൂഡൽഹി: തിരുവനന്തപുരത്തെ പുതിയ എകെജി സെന്റർ സ്ഥിതിചെയ്യുന്ന 32 സെന്റ് ഭൂമിയുമായി ബന്ധപ്പെട്ട വിഷയത്തിൽ സ്റ്റേ അനുവദിക്കണമെന്ന ആവശ്യം പരിഗണിക്കാതെ സുപ്രീംകോടതി. വിഷയത്തിൽ സിപിഎമ്മിൽനിന്നു പ്രതികരണം തേടിയ ജസ്റ്റീസുമാരായ അരവിന്ദ് കുമാർ, മൻമോഹൻ എന്നിവരുടെ ബെഞ്ച് ഒരാഴ്ചയ്ക്കുള്ളിൽ മറുപടി നൽകാനും നിർദേശിച്ചു.
തർക്കത്തിലിരിക്കുന്ന ഭൂമിയുടെ ആദ്യ ഉടമ ഫിനാൻസ് ആൻഡ് ഇൻവെസ്റ്റ്മെന്റ് കോർപറേഷൻ എന്ന സ്ഥാപനത്തിൽനിന്നെടുത്ത വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ സ്ഥാപനം ജപ്തി നടപടിയിലേക്ക് കടന്നു.
ഇതിനിടയിൽ ഈ ഭൂമി ഐഎസ്ആർഒയിലെ ഒരു ശാസ്ത്രജ്ഞയും അവരുടെ ബന്ധുവും ചേർന്നു വാങ്ങി. എന്നാൽ തങ്ങളുടെ കൈവശം ഭൂമി ഉണ്ടായിരുന്ന സമയത്ത് തിരുവനന്തപുരത്തെ കോടതി ഈ വസ്തു ലേലം ചെയ്തതെന്നു ചൂണ്ടിക്കാട്ടിയാണ് ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞയും അവരുടെ ബന്ധുവും സുപ്രീംകോടതിയെ സമീപിച്ചത്.
ആദ്യ ഉടമ വരുത്തിയ വായ്പാ കുടിശികയുടെ പേരിലായിരുന്നു ലേലം. നടപടിക്രമങ്ങൾ കൃത്യമായി പാലിക്കാതെയാണു കോടതി ലേലം നടത്തിയതെന്നും അതിനാൽ ഇതു റദ്ദാക്കണമെന്നുമാണ് ഹർജിക്കാരുടെ ആവശ്യം.
1998ൽ കോടതി നടത്തിയ ലേലത്തിൽ ഈ ഭൂമി കരസ്ഥമാക്കിയവരിൽനിന്ന് 2021 ലാണ് സിപിഎം ഭൂമി വാങ്ങുന്നത്. എന്നാൽ അക്കാലത്ത് സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനോട് ഈ ഭൂമി സംബന്ധിച്ച തർക്കം കോടതിയിലാണെന്ന കാര്യം അറിയിച്ചിരുന്നുവെന്നാണ് ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നത്. ഹൈക്കോടതിയിൽ വിഷയം എത്തിയപ്പോൾ ലേലം അംഗീകരിക്കുന്ന നിലപാടാണു സ്വീകരിച്ചത്.