"ഹോംബൗണ്ട്' ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രി
Saturday, September 20, 2025 1:19 AM IST
കോൽക്കത്ത: 2026 ലെ ഓസ്കർ സിനിമ പുരസ്കാരത്തിനുള്ള രാജ്യത്തിന്റെ ഔദ്യോഗിക എൻട്രിയായി ഹിന്ദി ചിത്രം ഹോംബൗണ്ട് തെരഞ്ഞെടുക്കപ്പെട്ടതായി സെലക് ഷൻ കമ്മിറ്റി ചെയർപേഴ്സൺ എൻ. ചന്ദ്ര അറിയിച്ചു.
ഇഷാന് ഖട്ടര്‍, വിശാല്‍ ജെത്വ, ജാന്‍വി കപൂര്‍ എന്നിവര്‍ വേഷമിടുന്ന, രണ്ട് ബാല്യകാല സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രം ഫീച്ചർ വിഭാഗത്തിലാണു മത്സരിക്കുന്നത്.
പോലീസിൽ ചേരുന്നതിനുള്ള സുഹൃത്തുക്കളുടെ ശ്രമവും അതിനായുള്ള യാത്രയിലെ പ്രതിസന്ധികളുമാണ് നീരജ് ഗായ്വാന് സംവിധാനം ചെയ്ത ചിത്രത്തിന്റെ ഇതിവൃത്തം.
വിവിധ ഭാഷകളിൽനിന്നുള്ള 24 ചിത്രങ്ങളാണ് പരിഗണിച്ചത്. ജനജീവിതത്തെ നേരിട്ടു സ്പർശിക്കുന്നവയായിരുന്നു ഇവ ഓരോന്നുമെന്നും മികച്ച ഒരു ചിത്രം ഇതിൽനിന്ന് തെരഞ്ഞെടുക്കുക ഏറെ വെല്ലുവിളി നിറഞ്ഞ ദൗത്യമായിരുന്നുവെന്നും സെലക്ഷൻ കമ്മിറ്റി പറഞ്ഞു.