പയറ്റാൻ തീരുമാനിച്ച് വിയറ്റ്നാമികൾ
Saturday, September 20, 2025 11:25 PM IST
ഓട്ടോസ്പോട്ട്/ അരുൺ ടോം
പല വിദേശ വന്പന്മാർ തോൽവിയറിഞ്ഞ ഇന്ത്യൻ കാർ വിപണിയിലേക്കാണ് വിയറ്റ്നാമിൽ പയറ്റിത്തെളിഞ്ഞ വിൻഫാസ്റ്റ് എത്തിയിരിക്കുന്നത്. വിഎഫ് 6, വിഎഫ് 7 എന്നീ ഇലക്ട്രിക് എസ്യുവികൾ ഇറക്കിയാണ് വിയറ്റ്നാമീസ് ഇലക്ട്രിക് വാഹന നിർമാതാക്കളായ വിൻഫാസ്റ്റ് ഇന്ത്യൻ വിപണിയിൽ പ്രവേശിച്ചത്.
തമിഴ്നാട്ടിലെ തൂത്തുക്കുടിയിലുള്ള കന്പനിയുടെ പ്ലാന്റിലാണ് വിൻഫാസ്റ്റ് വിഎഫ് 6, വിഎഫ് 7 എന്നീ ഇലക്ട്രിക് കാറുകൾ പ്രാദേശികമായി നിർമിക്കുന്നത്. വിഎഫ് 7 ആയിരിക്കും പ്രൊഡക്ഷൻ ലൈനിൽനിന്ന് പുറത്തിറങ്ങുന്ന ആദ്യ മോഡൽ. കോംപാക്റ്റ് ഇലക്ട്രിക് എസ്യുവിയായ വിഎഫ് 6 നേക്കാൾ വലുപ്പമുണ്ട് വിഎഫ് 7ന്.
രണ്ട് എസ്യുവികളിലും പനോരമിക് സണ്‍റൂഫ് സ്റ്റാൻഡേർഡായി ലഭ്യമാകും. എല്ലാ വിൻഡോകളിലും ആന്റി-പിഞ്ച് സാങ്കേതികവിദ്യയുണ്ട്. ഇതിനു പുറമെ, പെറ്റ് മോഡ്, ക്യാന്പ് മോഡ്, സ്മാർട്ട് വോയ്സ് അസിസ്റ്റന്റ് തുടങ്ങിയ ഫീച്ചറുകളും ലഭ്യമാണ്. രണ്ടു വാഹനങ്ങൾക്കും 2028 വരെ സൗജന്യ ചാർജിംഗും സൗജന്യ അറ്റകുറ്റപ്പണികളും കന്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
വാഹനത്തിന് ഏഴു വർഷം അല്ലെങ്കിൽ 2 ലക്ഷം കിലോമീറ്റർ വാറന്റിയും ബാറ്ററിക്ക് 10 വർഷം അല്ലെങ്കിൽ രണ്ടു ലക്ഷം കിലോമീറ്റർ വാറന്റിയും വിൻഫാസ്റ്റ് നൽകുന്നുണ്ട്.നിലവിൽ സൂറത്തിലും ചെന്നൈയിലും രണ്ട് ഷോറൂമുകൾ തുറന്നിട്ടുണ്ട്. ഈ വർഷം അവസാനത്തോടെ 27 നഗരങ്ങളിലായി 35 ഷോറൂമുകളിലേക്ക് ഡീലർഷിപ്പ് ശൃംഖല വികസിപ്പിക്കാനാണ് വിൻഫാസ്റ്റ് ലക്ഷ്യമിടുന്നത്.
വിഎഫ് 6
സ്പോർട്ടി ലുക്കുള്ള കൂപ്പെ എസ്യുവിയാണ് വിഎഫ് 6. 59.6 കിലോവാട്ട് ബാറ്ററി പായ്ക്കാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. 204 ബിഎച്ച്പി പവർ ഉത്പാദിപ്പിക്കുന്ന ഫ്രണ്ട് ആക്സിൽ മൗണ്ടഡ് മോട്ടോറിന് ഈ ബാറ്ററി പായ്ക്ക് കരുത്ത് പകരുന്നു. ഒറ്റ ചാർജിൽ 468 കിലോമീറ്റർ റേഞ്ചാണ് കന്പനി അവകാശപ്പെടുന്നത്.
വാഹനത്തിന്റെ വേഗം പൂജ്യത്തിൽനിന്ന് നൂറ് കടക്കാൻ 8.89 സെക്കൻഡ് മതി. വെറും 25 മിനിറ്റിനുള്ളിൽ 10 മുതൽ 70 ശതമാനം വരെ ബാറ്ററി ചാർജ് ചെയ്യാനും കഴിയും. 3.3 കിലോവാട്ട്, 7.2 കിലോവാട്ട് എസി ചാർജുകളും ഡിസി ഫാസ്റ്റ് ചർജറും ലഭിക്കും. എർത്ത്, വിൻഡ്, വിൻഡ് ഇൻഫിനിറ്റി എന്നീ മൂന്ന് വേരിയന്റുകളിലാണ് വിൻഫാസ്റ്റ് വിഎഫ് 6 ലഭ്യമാകുക.
12.9 ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റം, വയർലെസ് ചാർജിംഗ്, വീഗണ് ലെതർ അപ്ഹോൾസറി, കണക്റ്റഡ് കാർ ഫീച്ചറുകൾ, ലെവൽ 2 അഡാസ്, ഓട്ടോപാർക്ക് അസിസ്റ്റ്, ഓട്ടോമാറ്റിക് ഹെഡ്ലാന്പ്, റെയിൻ സെൻസറിംഗ് വൈപ്പർ, 360 ഡിഗ്രി കാമറ, 18 ഇഞ്ച് അലോയ് വീലുകൾ എന്നിവയാണ് ഹൈലൈറ്റുകൾ. 16.49 ലക്ഷം രൂപയാണ് വിഎഫ് 6ന്റെ എക്സ് ഷോറൂം വില. ടാറ്റ കർവ് ഇവി, എംജി ഇസഡ്എസ് ഇവി, ഹ്യുണ്ടായി ക്രേറ്റ ഇവി എന്നിവരാണ് എതിരാളികൾ.
വിഎഫ് 7
വിഎഫ് 6 നേക്കാൾ വലുപ്പവും ഫീച്ചറുകളും കൂടുതലുള്ള എസ്യുവിയാണ് വിഎഫ് 7. വാഹനം മുൻവീൽ, ഓൾവീൽ ഡ്രൈവ് കോണ്‍ഫിഗറേഷനുകളിൽ ലഭിക്കും. വിഎഫ് 6ന് സമാനമായ 59.6 കിലോവാട്ട് ബാറ്ററിയാണ് ഈ വാഹനത്തിലും ഉപയോഗിച്ചിരിക്കുന്നത്.
ഡുവൽ മോട്ടർ ഉപയോഗിക്കുന്ന ഓൾ വീൽ ഡ്രൈവ് മോഡലിൽ 70.8 കിലോവാട്ട് ബാറ്ററി പായ്ക്കാണുള്ളത്. 350 ബിഎച്ച്പി പവറും 500 എൻഎം സംയോജിത ടോർക്ക് ലഭിക്കും. വാഹനത്തിന്റെ വേഗം പൂജ്യത്തിൽ നിന്ന് നൂറ് കടക്കാൻ 5.8 സെക്കൻഡ് മതി.
ഒറ്റ ചാർജിൽ 532 കിലോമീറ്ററാണ് കന്പനി വാഗ്ദാനം ചെയ്യുന്ന റേഞ്ച്. എർത്ത്, വിൻഡ്, വിൻഡ് ഇൻഫിനിറ്റി, സ്കൈ, സ്കൈ ഇൻഫിനിറ്റി എന്നീ അഞ്ച് വേരിയന്റുകളിലാണ് വിൻഫാസ്റ്റ് വിഎഫ് 7 ലഭ്യമാകുക.
വിഎഫ് 6 ലെ പോലെ തന്നെ 12.9 ഇഞ്ച് ഇൻഫോയിൻമെന്റ് സിസ്റ്റം, വയർലെസ് ചാർജിംഗ്, വീഗണ് ലെതർ അപ്ഹോൾസറി, കണക്റ്റഡ് കാർ ഫീച്ചറുകൾ, ലെവൽ 2 അഡാസ്, ഓട്ടോപാർക്ക് അസിസ്റ്റ്, 360 ഡിഗ്രി കാമറ എന്നിവയ്ക്ക് പുറമേ കണക്റ്റഡ് എൽഐഡി ടെയിൽ ലാന്പ്, ഡ്യുവൽ ടോണ്‍ ക്ലൈമറ്റ് കണ്ട്രോൾ, വെന്റിലേറ്റഡ് മുൻ സീറ്റുകൾ, ഹെഡ്സ് അപ് ഡിസ്പ്ലേ, 19 ഇഞ്ച് അലോയ് വീലുകൾ എന്നിവയാണ് വിഎഫ് 7ന്റെ ഹൈലൈറ്റുകൾ. 20.89 ലക്ഷം രൂപയാണ് വിഎഫ് 7ന്റെ എക്സ് ഷോറൂം വില. മഹീന്ദ്ര എക്സ്ഇവി 9ഇ, ടാറ്റ ഹാരിയർ ഇവി എന്നിവരാണ് എതിരാളികൾ.