ഇന്ത്യ x പാക്കിസ്ഥാന് സൂപ്പര്‍ 4 പോരാട്ടം ഇന്ന് രാത്രി 8ന്
Sunday, September 21, 2025 1:38 AM IST
ദുബായ്: ഇന്ത്യ x പാക്കിസ്ഥാന് പോരാട്ടം ക്രിക്കറ്റ് ലോകത്തിന് എന്നും സമ്മാനിച്ചത് തീവ്ര മുഹൂര്‍ത്തങ്ങള്‍. എക്കാലവും ഇരു ടീമിന്റെയും വൈരിപ്പോരാട്ടത്തിന് അതിന്റേതായ ചൂടും ചൂരുമുണ്ടായിട്ടുമുണ്ട്. എന്നാല്‍, ചരിത്രത്തില്‍ ആദ്യമായി ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും കളിക്കാര്‍ തമ്മില്‍ മുഖാമുഖം നോക്കാതെയും ഹസ്തദാനം ചെയ്യാതെയും ഒരു മത്സരം കടന്നു പോയി, ഈ മാസം 14നു നടന്ന ഏഷ്യ കപ്പ് ഗ്രൂപ്പ് എ പോരാട്ടം.
ഇന്ത്യ x പാക്കിസ്ഥാന് ക്രിക്കറ്റിനെ പുതിയൊരു മാനത്തിലേക്ക് എത്തിച്ച പോരാട്ടമായിരുന്നു അത്. ഹസ്തദാനം പോലും നടത്താതെയുള്ള ആ വൈരിപ്പോരാട്ടത്തിന്റെ അനുരണനങ്ങള്‍ അവസാനിക്കുന്നതിനു മുമ്പ്, കൃത്യമായി പറഞ്ഞാല്‍ ഏഴാംപക്കം ഇന്ത്യയും പാക്കിസ്ഥാനും വീണ്ടും ഏറ്റുമുട്ടുന്നു.
2025 ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റിന്റെ സൂപ്പര്‍ ഫോറില്‍ ഇന്ത്യന്‍ സമയം ഇന്നു രാത്രി എട്ടിനാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഹൈ വോള്‍ട്ട് പോരാട്ടം. എതിരാളികളെ ഭസ്മമാക്കാനുള്ള ഉള്‍ത്തീയുമായി ഇന്ത്യയും പാക്കിസ്ഥാനും ഇന്ന് ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടും. ഇരുടീം അംഗങ്ങളും ക്യാപ്റ്റന്മാരും ഹസ്തദാനം നടത്തുമോ എന്നതിനും ക്രിക്കറ്റ്-രാഷ്ട്രീയ ലോകങ്ങളും കാത്തിരിക്കുന്നു.
ഗ്രൂപ്പ് ചാമ്പ്യന്‍ ഇന്ത്യ
ഗ്രൂപ്പ് എയില്‍ കളിച്ച മൂന്നു മത്സരങ്ങളും ജയിച്ചാണ് ഇന്ത്യയുടെ സൂപ്പര്‍ ഫോര്‍ വരവ്. ഗ്രൂപ്പ് ഘട്ടത്തില്‍ കളിച്ച എട്ട് ടീമുകളില്‍ ഏറ്റവും മികച്ച നെറ്റ് റണ്‍ റേറ്റും (+3.547) ഇന്ത്യക്കു സ്വന്തം. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ ഒമാനെ 21 റണ്‍സിനു തോല്‍പ്പിച്ചാണ് ഇന്ത്യ മൂന്നാം ജയം സ്വന്തമാക്കിയത്. ആദ്യ മത്സരത്തില്‍ യുഎഇയെ 93 പന്ത് ബാക്കിവച്ച് ഒമ്പത് വിക്കറ്റിനും രണ്ടാം മത്സരത്തില്‍ പാക്കിസ്ഥാനെ 25 പന്ത് ബാക്കിവച്ച് ഏഴ് വിക്കറ്റിനും സൂര്യകുമാര്‍ യാദവും സംഘവും തോല്‍പ്പിച്ചിരുന്നു.
അതേസമയം, ഗ്രൂപ്പ് എ രണ്ടാം സ്ഥാനക്കാരായാണ് പാക്കിസ്ഥാന് സൂപ്പര്‍ ഫോറില്‍ എത്തിയത്. ഇന്ത്യയോട് മാത്രമായിരുന്നു പാക്കിസ്ഥാന്റെ തോല്‍വി. ഒമാനെ 93 റണ്‍സിനും യുഎഇയെ 41 റണ്‍സിനും പാക്കിസ്ഥാന് ഗ്രൂപ്പ് ഘട്ടത്തില്‍ കീഴടക്കി.
ഫിഫ്റ്റി സഞ്ജു
ഗ്രൂപ്പ് എയില്‍ ഒമാന്‍ എതിരായ അവസാന മത്സരത്തില്‍ ഇന്ത്യയുടെ വിജയശില്‍പ്പിയായത് മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജു സാംസണ്. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ക്രീസില്‍ എത്താതിരിക്കുകയും ശുഭ്മാന്‍ ഗില്‍ (5), ഹാര്‍ദിക് പാണ്ഡ്യ (1), ശിവം ദുബെ (5) എന്നിവരെല്ലാം പരാജയപ്പെടുകയും ചെയ്തപ്പോള്‍ 45 പന്തില്‍ 56 റണ്‍സുമായി സഞ്ജു ഇന്ത്യയെ താങ്ങിനിര്‍ത്തി. മൂന്നു സിക്സും മൂന്നു ഫോറും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ മൂന്നാം ട്വന്റി-20 അര്‍ധസെഞ്ചുറി. ഈ ഏഷ്യ കപ്പില്‍ ഇന്ത്യക്കായി അര്‍ധസെഞ്ചുറി നേടിയ ഏകതാരമാണ് സഞ്ജു. ഒമാന്‍ എതിരേ മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ സഞ്ജു, പാക്കിസ്ഥാന് എതിരേയും അതേ സ്ലോട്ടില്‍ ക്രീസില്‍ എത്തുമോ എന്നതും കണ്ടറിയാം.
രാജ്യാന്തര ട്വന്റി-20യില്‍ സിക്സ് അടിക്കുന്നതില്‍ സഞ്ജു (52 സിക്സ്) അര്‍ധസെഞ്ചുറി സ്വന്തമാക്കിയ മത്സരവുമായിരുന്നു ഒമാന്‍ എതിരായത്. ഇന്ത്യക്കായി ട്വന്റി-20യില്‍ 50 സിക്സ് തികയ്ക്കുന്ന 10-ാമത് ബാറ്ററാണ് സഞ്ജു. ട്വന്റി-20 ഫോര്‍മാറ്റില്‍ സഞ്ജു 353 സിക്സ് അടിച്ചിട്ടുണ്ട്. ആറ് സെഞ്ചുറിയും 49 അര്‍ധസെഞ്ചുറിയും.
കുല്‍ദീപ് സ്പിന്‍
കഴിഞ്ഞ ഞായറാഴ്ച പാക്കിസ്ഥാനെ വീഴ്ത്തിയത് ഇന്ത്യന്‍ റിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവ് ആയിരുന്നു. നാല് ഓവറില്‍ 18 റണ്‍സിന് മൂന്നു വിക്കറ്റ് കുല്‍പീദ് വീഴ്ത്തി. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നു മത്സരങ്ങളിലായി കുല്‍ദീപിന് എട്ട് വിക്കറ്റുണ്ട്.
പാക്കിസ്ഥാന്റെ ഓപ്പണര്‍ സയിം അയൂബ് ഈ ഏഷ്യ കപ്പില്‍ ഒരു റണ്‍ പോലും നേടിയിട്ടില്ല. ഗ്രൂപ്പ് എയിലെ മൂന്നു മത്സരങ്ങളിലും അയൂബ് പൂജ്യത്തിനു പുറത്തായി. അതേസമയം, മൂന്നു മത്സരങ്ങളില്‍നിന്ന് ആറ് വിക്കറ്റ് അയൂബിന് ഉണ്ട്.
നേര്‍ക്കുനേര്‍ ചരിത്രം
ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ട്വന്റി-20യില്‍ ഏറ്റുമുട്ടുന്നത് ഇതു 15-ാം തവണ. കഴിഞ്ഞ 14 മത്സരങ്ങളില്‍ മൂന്നു പ്രാവശ്യമാത്രമാണ് പാക്കിസ്ഥാനു ജയിക്കാന്‍ സാധിച്ചത്. 2007 ലോകകപ്പിലെ സൂപ്പര്‍ ഓവര്‍ അടക്കം 11 ജയം ഇന്ത്യക്ക്.
ഏഷ്യ കപ്പില്‍ ഇരുടീമും നാലു തവണ ഏറ്റുമുട്ടി. ഇന്ത്യ മൂന്ന് ജയം നേടിയപ്പോള്‍ പാക്കിസ്ഥാന് ഒരു തവണ ആശ്വാസം കണ്ടെത്തി. ദുബായില്‍ ഇന്ത്യ x പാക് പോരാട്ടം നടക്കുന്നത് ഇതു നാലാം തവണ. കഴിഞ്ഞ മൂന്നു പോരാട്ടങ്ങളില്‍ 2-1ന് ഇന്ത്യക്കാണ് വിജയ മുന്‍തൂക്കം.