ഹാലണ്ട് 50 ഗോള്‍
Saturday, September 20, 2025 1:47 AM IST
മാഞ്ചസ്റ്റര്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ ചരിത്രത്താളുകളില്‍ പേര് കുറിച്ച് ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വീജിയന്‍ താരം എര്‍ലിംഗ് ഹാലണ്ട്. 2025-26 സീസണില്‍ സിറ്റിയുടെ ആദ്യ മത്സരത്തില്‍ ഗോള്‍ നേടിയതോടെ ഹാലണ്ട് റിക്കാര്‍ഡ് ബുക്കില്‍ ഇടംപിടിച്ചു.
ചാമ്പ്യന്‍സ് ലീഗില്‍ അതിവേഗം 50 ഗോള്‍ എന്ന റിക്കാര്‍ഡാണ് സിറ്റി സ്ട്രൈക്കര്‍ സ്വന്തമാക്കിയത്. 49-ാം മത്സരത്തിലാണ് ഹാലണ്ടിന്റെ 50-ാം ചാമ്പ്യന്‍സ് ലീഗ് ഗോള്‍. 2007ല്‍ നെതര്‍ലന്‍ഡ്സിന്റെ മുന്‍ താരം റൂഡ് വാന്‍ നിസ്റ്റല്‍റൂയിയുടെ പേരിലുണ്ടായിരുന്ന 62 മത്സരങ്ങളില്‍ 50 ഗോള്‍ എന്ന റിക്കാര്‍ഡാണ് ഹാലണ്ട് തിരുത്തിയത്.
ഇറ്റാലിയന്‍ ക്ലബ്ബായ നാപ്പോളിക്ക് എതിരായ ഹോം മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി 2-0ന്റെ ജയം നേടിയപ്പോള്‍ ആദ്യം വലകുലുക്കിയത് ഹാലണ്ട് ആയിരുന്നു. ഗോള്‍ രഹിതമായ ആദ്യ പകുതിക്കുശേഷം 56-ാം മിനിറ്റില്‍ ആയിരുന്നു ഹാലണ്ടിന്റെ ഗോള്‍. 65-ാം മിനിറ്റില്‍ ജെറെമി ഡോക്കു സിറ്റിയുടെ രണ്ടാം ഗോള്‍ നേടി. 21-ാം മിനിറ്റില്‍ ജിയോവാണി ഡി ലോറെന്‍സോ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെ നാപ്പോളിയുടെ അംഗബലം 10ലേക്കു ചുരുങ്ങിയിരുന്നു.
സ്പോര്‍ട്ടിംഗ്, ബ്രൂഗ്
പോര്‍ച്ചുഗീസ് ക്ലബ്ബായ സ്പോര്‍ട്ടിംഗ് സിപി, ബെല്‍ജിയത്തില്‍നിന്നുള്ള ക്ലബ് ബ്രൂഗ് എന്നിവ ആധികാരിക ജയം സ്വന്തമാക്കി. സ്പോര്‍ട്ടിംഗ് 4-1ന് കസാക്കിസ്ഥാനില്നിന്നുള്ള കെയ്ററ്റ് അല്‍മാറ്റിയെ തകര്‍ത്തു. ക്ലബ് ബ്രൂഗ് 4-1ന് ഫ്രഞ്ച് ടീമായ എഎസ് മൊണാക്കോയെയാണ് മറികടന്നത്.
മറ്റു മത്സരങ്ങളില്‍ ജര്‍മന്‍ ക്ലബ് ഐന്‍ട്രാക്റ്റ് ഫ്രാങ്ക്ഫര്‍ട്ട് 5-1ന് തുര്‍ക്കിയില്‍നിന്നുള്ള ഗലാത്സറയെ തോല്‍പ്പിച്ചപ്പോള്‍ ബയേര്‍ ലെവര്കുസെന് 2-2ന് ഡാനിഷ് ക്ലബ്ബായ കോബെന്ഹാവനുമായി സമനിലയില്‍ പിരിഞ്ഞു.