എഐഎഫ്എഫ് കരട് ഭരണഘടനയ്ക്കു സുപ്രീംകോടതി അംഗീകാരം
Saturday, September 20, 2025 1:47 AM IST
ന്യൂഡൽഹി: സ്തംഭനാവസ്ഥയിലായ ഇന്ത്യൻ സൂപ്പർ ലീഗിനും (ഐഎസ്എൽ) സൂപ്പർ കപ്പിനും മുന്നോട്ടു പോകാനുള്ള പാത തുറന്ന് പരമോന്നത കോടതി.
അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ (എഐഎഫ്എഫ്) പുതിയ കരട് ഭരണഘടനയ്ക്ക് സുപ്രീംകോടതി അംഗീകാരം നൽകിയതോടെയാണ് ഐഎസ്എല്ലിന്റെ പുതിയ സീസണിന്റെ ഭാവിയെപ്പറ്റി നിലനിന്ന ആശങ്ക അകന്നത്.
എഐഎഫ്എഫിനോടു ജനറൽബോഡി യോഗം വിളിച്ചുകൂട്ടി നാലാഴ്ചയ്ക്കകം പുതിയ ഭരണഘടനയ്ക്ക് അംഗീകാരം നൽകാനാണു കോടതി നിർദേശം. എഐഎഫ്എഫ് പ്രസിഡന്റ് കല്യാണ് ചൗബേ നയിക്കുന്ന നിലവിലെ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് കാലാവധി അവസാനിക്കുന്നതുവരെ നേതൃനിരയിൽ തുടരാനും സുപ്രീംകോടതി അംഗീകാരം നൽകി.
സുപ്രീംകോടതി മുൻ ജഡ്ജി എൽ. നാഗേശ്വര റാവു 2023ൽ തയാറാക്കിയ കരട് ഭരണഘടന എഐഎഫ്എഫിന്റെ ഭരണനിർവഹണത്തിലും വാണിജ്യകരാറിലുമടക്കം സുപ്രധാന പരിഷ്കാരങ്ങൾ നിർദേശിച്ചതോടെ ഏറെക്കാലമായി ഇന്ത്യൻ ഫുട്ബോൾ ആശങ്കയ്ക്കു നടുവിലായിരുന്നു. ഭരണഘടനയെ സംബന്ധിച്ചും എഐഎഫ്എഫ് ഭാരവാഹികളുടെ ഭരണകാലാവധിയെ സംബന്ധിച്ചും പല കോണുകളിൽനിന്ന് എതിർപ്പുയർന്നതോടെ കരട് ഭരണഘടനയ്ക്ക് അംഗീകാരം ലഭിക്കാൻ വൈകുകയായിരുന്നു.
ഒക്ടോടോബർ 30നകം പുതിയ ഭരണഘടനയ്ക്ക് അംഗീകാരം നൽകിയില്ലെങ്കിൽ എഐഎഫ്എഫ് സസ്പെൻഷൻ നടപടിയടക്കം നേരിടേണ്ടിവരുമെന്ന് ഭീഷണി മുഴക്കി ഫിഫയും ഏഷ്യൻ ഫുട്ബോൾ ഫെഡറേഷനും കത്തയക്കുകയും ചെയ്തിരുന്നു.
എഐഎഫ്എഫിന്റെ ഭരണത്തലപ്പത്ത് നിർണായക പരിഷ്കാരങ്ങൾ നിർദേശിക്കുന്ന കരട് ഭരണഘടനയ്ക്കു ചില ഭേദഗതികളോടെ സുപ്രീംകോടതി ഒടുവിൽ അംഗീകാരം നൽകിയതോടെ ഏറെക്കാലമായി ഇന്ത്യൻ ഫുട്ബോളിനു ചുറ്റും വട്ടമിട്ടു പറക്കുന്ന അനിശ്ചിതത്വത്തിനും വിരാമമായി.
നിലവിൽ കല്യാണ് ചൗബേ നയിക്കുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് അടുത്ത വർഷം വരെയുള്ള കാലാവധി പൂർത്തിയാക്കാനാണു സുപ്രീംകോടതി അംഗീകാരം നൽകിയിരിക്കുന്നത്. അതിനുശേഷം മുൻകൂട്ടി നിശ്ചയിച്ചതു പോലെ പുതിയ തെരഞ്ഞെടുപ്പുകൾ നടക്കും.
എഐഎഫ്എഫിന് മേൽക്കോടതി പച്ചക്കൊടി നൽകിയതോടെ ഡിസംബറിൽ അവസാനിക്കാനിരിക്കുന്ന ഐഎസ്എൽ കരാർ പുതുക്കുന്നതിനുള്ള ചർച്ചകൾ ഫെഡറേഷന് പുനരാരംഭിക്കാം. എഐഎഫ്എഫ് ഭരണഘടനയ്ക്ക് അംഗീകാരം ലഭിക്കാതെ വന്നതോടെ ഐഎസ്എൽ ലീഗ് നടത്തുന്ന ഫുട്ബോൾ സ്പോർട്സ് ലിമിറ്റഡ് ഡെവലപ്മെന്റ് (എഫ്എസ്ഡിഎൽ) ലീഗ് നടത്തിപ്പുമായി ബന്ധപ്പെട്ട മാസ്റ്റർ റൈറ്റ്സ് എഗ്രിമെന്റ് (എംആർഎ) പുതുക്കാൻ വിസമ്മതിച്ചിരുന്നു.