കേരളത്തിന് അഭിമാനം...
Sunday, September 21, 2025 1:38 AM IST
കോട്ടയം: 2025 ഫിബ അണ്ടര്‍ 16 വനിത ഏഷ്യ കപ്പ് ബാസ്കറ്റ്ബോള്‍ കിരീടം ഇന്ത്യ സ്വന്തമാക്കിയപ്പോള്‍ കേരളത്തിനും അത് അഭിമാന മുഹൂര്‍ത്തം.
എട്ടു വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യന്‍ പെണ്‍കുട്ടികള്‍ അണ്ടര്‍ 16 ഏഷ്യ കപ്പ് കിരീടത്തില്‍ മുത്തമിടുന്നത്. ഇന്ത്യന്‍ ടീമിലെ ഏക മലയാളി സാന്നിധ്യമായിരുന്നു കൊരട്ടി ലിറ്റില്‍ ഫ്ളവര്‍ എച്ച്എസ്എസിലെ അഥീന മറിയം ജോണ്സണ്, കോട്ടയം നെടുംകുന്നത്തെ ബാസ്കറ്റ്ബോള്‍ കുടുംബത്തില്‍നിന്നുള്ള മിടുക്കി.
ബാസ്കറ്റ്ബോൾ കുടുംബം
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ കേരള സ്പോര്‍ട്സ് കൗണ്‍സിലിന്റെ ബാസ്കറ്റ്ബോള്‍ പരിശീലനകനായ ജോണ്സണ് തോമസിന്റെയും തൃശൂര്‍ സെന്റ് മേരീസ് കോളജിലെ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വിഭാഗം മേധാവി അനു ഡി. ആലപ്പാട്ടിന്റെയും മകളാണ് അഥീന. 1973ല്‍ കേരളം ആദ്യമായി സന്തോഷ് ട്രോഫി ഫുട്ബോള്‍ കീരിടം നേടിയപ്പോള്‍ ടീമിന്റെ അസിസ്റ്റന്റ് കോച്ചായിരുന്ന പരേതനായ എ.വി. ദേവസിക്കുട്ടിയുടെ മകളാണ് അനു.
“രാജ്യാന്തരതലത്തിലെ ആദ്യ ചാമ്പ്യന്ഷിപ്പില്തന്നെ കിരീടം നേടാനായതില്‍ സന്തോഷം. ഇന്ത്യയിലെ ഏറ്റവും മികച്ച വനിതാ ബാസ്കറ്റ്ബോള്‍ താരങ്ങളിലൊരാളായ അനിത പോള്‍ ദുരെയുടെ കീഴിലുള്ള ചിട്ടയായ പരിശീലനവും കൃത്യമായ ടീം വര്‍ക്കുമാണ് കീരീടത്തിലേക്ക് നയിച്ചത്’’-അഥീന ദീപികയോടു പറഞ്ഞു.
പോണ്ടിച്ചേരിയില്‍ നടന്ന ദേശീയ യൂത്ത് ബാസ്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ജോണ്സണ് പരിശീലകനും അനു മാനേജരുമായ കേരള ടീമില്‍ അഥീനയുണ്ടായിരുന്നു. ജൂലൈയില്‍ ജര്‍മനയില്‍ നടന്ന വേള്‍ഡ് യൂണിവേഴ്സിറ്റി ഗെയിംസില്‍ ഇന്ത്യന്‍ വനിത ടീമിന്റെ സഹപരിശീലകനായിരുന്നു ജോണ്സണ്. ദേശീയ സബ് ജൂണിയര്‍ ബാസ്കറ്റ് താരം ആമി അന്ന ജോണ്‍സണും അഗത റോസ് ജോണ്‍സണുമാണ് അഥീനയുടെ സഹോദരങ്ങള്‍.