സൂപ്പര്‍ സ്മൃതി; 63 പന്തില്‍ 125
Sunday, September 21, 2025 1:38 AM IST
ന്യൂഡല്‍ഹി: തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയുമായി ഇന്ത്യയുടെ വനിതാ സൂപ്പര്‍ ബാറ്റര്‍ സ്മൃതി മന്ദാന. ഓസ്ട്രേലിയ വനിതകള്‍ക്ക് എതിരായ മൂന്നാം ഏകദിനത്തില്‍ സ്മൃതി മന്ദാന 63 പന്തില്‍ 125 റണ്‍സ് അടിച്ചുകൂട്ടി. അഞ്ച് സിക്സും 12 ഫോറും അടക്കമാണിത്. രാജ്യാന്തര ഏകദിനത്തില്‍ സ്മൃതി മന്ദാനയുടെ 13-ാം സെഞ്ചുറിയാണ്.
വനിതാ ഏകദിന ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി എന്ന ഓസ്ട്രേലിയന്‍ താരം മെഗ് ലാന്നിംഗിന്റെ (15) റിക്കാര്‍ഡിലേക്ക് അടുക്കുകയാണ് സ്മൃതി. ന്യൂസിലന്‍ഡിന്റെ സൂസി ബേറ്റ്സിന് (13) ഒപ്പം രണ്ടാം സ്ഥാനം പങ്കിടുകയാണ് ഇന്ത്യന്‍ താരം.
നേരിട്ട 50-ാം പന്തിലായിരുന്നു സ്മൃതി സെഞ്ചുറി തികച്ചത്. ഇന്ത്യക്കായുള്ള അതിവേഗ ഏകദിന സെഞ്ചുറിയുടെ സ്വന്തം റിക്കാര്‍ഡും ഇതോടെ സ്മൃതി തിരുത്തി. വനിതാ ഏകദിന ചരിത്രത്തിലെ അതിവേഗ രണ്ടാം സെഞ്ചുറിയാണിത്. 2012ല്‍ മെഗ് ലാന്നിംഗ് ന്യൂസിലന്‍ഡിന് എതിരേ 45 പന്തില്‍ നേടിയതാണ് റിക്കാര്‍ഡ്.
ഓസ്ട്രേലിയ 412
മൂന്നാം ഏകദിനത്തില്‍ ടോസ് നേടിയ ഓസ്ട്രേലിയന്‍ വനിതകള്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു. ബേത്ത് മൂണിയുടെ (138) സെഞ്ചുറിയും ജോര്‍ജിയ വോള്‍ (81), എല്ലിസ് പെറി (68) എന്നിവരുടെ അര്‍ധസെഞ്ചുറിയും ചേര്‍ന്നപ്പോള്‍ ഓസ്ട്രേലിയ 47.5 ഓവറില്‍ 412 റണ്‍സ് നേടി പുറത്തായി.
ഇന്ത്യയുടെ മറുപടി ഇന്നിംഗ്സിലായിരുന്നു സ്മൃതിയുടെ മിന്നല്‍ സെഞ്ചുറി. ഹർമൻപ്രീത് കൗർ (52), ദീപ്തി ശർമ (72) എന്നിവരും തിളങ്ങിയെങ്കിലും 47 ഓവറിൽ ഇന്ത്യ 369 റൺസിനു പുറത്തായി; ഓസ്ട്രേലിയയ്ക്ക് 43 റൺസ് ജയവും 2-1നു പരന്പര നേട്ടവും.