കേരളത്തെ ഏറ്റവും കൂടുതല്‍ വ്യവസായങ്ങളുള്ള സംസ്ഥാനമാക്കും: മന്ത്രി പി. രാജീവ്
Saturday, September 20, 2025 11:25 PM IST
കൊച്ചി: ഏറ്റവും മികച്ച വ്യവസായ അന്തരീക്ഷം നിലനില്‍ക്കുന്ന സംസ്ഥാനം എന്നതില്‍നിന്നും ഏറ്റവും കൂടുതല്‍ വ്യവസായങ്ങളും സംരംഭങ്ങളുമുള്ള സംസ്ഥാനമായി കേരളത്തെ മാറ്റുകയെന്നതാണു സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പി. രാജീവ്.
വ്യവസായ- വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന ഏഴാമത് മെഷീനറി എക്സ്പോ കാക്കനാട് കിന്‍ഫ്ര എക്സിബിഷന് സെന്ററില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ ഉച്ചകോടിയിൽ വന്ന 24 ശതമാനം വ്യവസായ താത്പര്യങ്ങളും നിര്‍മാണഘട്ടത്തിലേക്കു കടന്നിരിക്കുകയാണ്. ഇതു ദേശീയ ശരാശരിയിലും കൂടുതലാണ്.
സംസ്ഥാനത്തെ ഓരോ കുടുംബത്തിലും വ്യവസായം ആരംഭിക്കാന്‍ സാധ്യമായ അന്തരീക്ഷം സൃഷ്ടിക്കും. ചൈനയിലെ നിര്‍മാണമേഖലയുടെ വളര്‍ച്ചയെ വളരെയധികം സഹായിച്ച ഒരു വ്യവസായ മാതൃകയാണിത്.
കേരളത്തിൽ 50 ശതമാനം വീടുകളും അടഞ്ഞുകിടക്കുകയാണ്. വീടുകളും അതോടനുബന്ധിച്ച സ്ഥലവും സംരംഭങ്ങള്‍ക്കായി ഉപയോഗിക്കാന്‍ സഹായകമാകുന്ന രീതിയിലുള്ള ചട്ടഭേദഗതിയാണു നടത്തിയിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്സണ്‍ രാധാമണി പിള്ള, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ പി. വിഷ്ണുരാജ്, കെഎസ്ഐഡിസി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആര്. ഹരികൃഷ്ണന്, തൃക്കാക്കര നഗരസഭ കൗണ്‍സിലര്‍ എം.ഒ. വര്‍ഗീസ്, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി.എ. നജീബ് തുടങ്ങിയവര്‍ പങ്കെടുത്തു. എക്സ്പോ 23ന് സമാപിക്കും.