ഓഹരിവിപണി ശക്തം
ഓഹരി അവലോകനം / സോണിയ ഭാനു
Monday, September 22, 2025 1:23 AM IST
ദീപാവലി ആഘോഷ വേളയിലെ കുതിച്ചുചാട്ടത്തിനാവശ്യമായ കരുത്ത് സ്വരൂപിക്കുകയാണ് ഇന്ത്യൻ ഓഹരി ഇൻഡക്സുകൾ. പിന്നിട്ട മൂന്നാഴ്ചകളിൽ സൂചിപ്പിച്ചത് ശരിവയ്ക്കുന്ന പ്രകടനമാണ് വിപണിയിൽ ദൃശ്യമായത്. വിദേശത്തു നിന്നുള്ള പ്രതികൂല വാർത്തകൾക്കിടയിലും ആഭ്യന്തര ഫണ്ടുകളുടെ തുടർച്ചയായ വാങ്ങൽ താത്പര്യം വിപണിയുടെ അടിയൊഴുക്ക് ശക്തമാക്കുന്നു. പിന്നിട്ടവാരം സെൻസെക്സ് 721 പോയിന്റും നിഫ്റ്റി സൂചിക 213 പോയിന്റും വർധിച്ചു.
ഈ വർഷം സൂചിക ഇതിനകം യഥാക്രമം 4487 പോയിന്റും 1682 പോയിന്റും കുതിച്ചു, അതായത് വർധന അഞ്ച് മുതൽ ഏഴ് ശതമാനം വരെ. ഡെയ്ലി ചാർട്ടിൽ ഇന്ത്യൻ മാർക്കറ്റ് ബുള്ളിഷ് മൂഡ് നിലനിർത്തുന്നത് ഇൻഡക്സുകളിൽ റിക്കാർഡ് കുതിപ്പിന് അവസരം ഒരുക്കാം. യുഎസ് ഫെഡ് റിസർവ് ഈ വർഷം ഇതാദ്യമായി പലിശനിരക്കിൽ കുറവ് വരുത്തി. പലിശ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് 4.25 ശതമാനമാക്കി.
നിഫ്റ്റി സൂചികയുടെ സാങ്കേതിക ചലനങ്ങൾ വീക്ഷിച്ചാൽ മൂന്നാം തരംഗത്തിന് തുടക്കംകുറിച്ചു. ഈ റാലി ശക്തമാകുമെന്നു വേണം വിലയിരുത്താൻ. ഒരു കുതിച്ചുചാട്ട സാധ്യതകൾ കണക്കുകൂട്ടിയാൽ ഇൻഡക്സ് ദീപാവലി വേളയിൽ 26,000 കടന്ന് 26,277നെ ലക്ഷ്യമാക്കി മുന്നേറാം.
വിദേശ ഫണ്ടുകൾ മുൻ നിര ഓഹരികൾ സ്വന്തമാക്കാൻ ഉത്സാഹിച്ചു. നിഫ്റ്റി സൂചിക പിന്നിട്ടവാരത്തിലെ 25,114 പോയിന്റിൽ നിന്നും രണ്ടാം പ്രതിരോധമായി സൂചിപ്പിച്ച 25,372 മറികടന്ന് 25,437 പോയിന്റ് വരെ കയറി. പൊടുന്നെ ഉണ്ടായ അമിത കുതിപ്പ് കണ്ട് ഓപ്പറേറ്റർമാർ ലാഭമെടുപ്പിന് കാണിച്ച ഉത്സാഹം വാരത്തിന്റെ രണ്ടാം പാദത്തിൽ സൂചികയെ 25,287ലേക്ക് തളർത്തിയെങ്കിലും വ്യാപാരാന്ത്യം വിപണി വീണ്ടും ചൂടുപിടിച്ച് 25,327ൽ ക്ലോസിംഗ് നടന്നു.
ഈ വാരം നിഫ്റ്റിക്ക് 25,488- 25,649 പോയിന്റുകളിൽ പ്രതിരോധമുണ്ട്. ഫ്യൂചേഴ്സ് മാർക്കറ്റ് സെറ്റിൽമെന്റിന് ഒരുങ്ങുന്നതിനാൽ ചാഞ്ചാട്ട സാധ്യതകൾക്കിടയിലും വിപണിക്ക് 25,115 -24,903 പോയിന്റിൽ താങ്ങ് പ്രതീക്ഷിക്കാം. മറ്റ് സാങ്കേതിക വശങ്ങൾ വീക്ഷിച്ചാൽ മുൻവാരം സൂചിപ്പിച്ച പോലെ തന്നെ ബുൾ ഓപ്പറേറ്റർമാരുടെ സാന്നിധ്യം ശക്തമാകാം. അതേ സമയം ചില ഇൻഡിക്കേറ്ററുകൾ ഓവർ ബോട്ടായി മാറിയത് ലാഭമെടുപ്പിന് ഇടപാടുകാരെ പ്രേരിപ്പിക്കാം.
നിഫ്റ്റി സെപ്റ്റംബർ ഫ്യൂചർ 25,210ൽ നിന്നും 25,300ലെ പ്രതിരോധം തകർത്ത് 25,411 വരെ ഉയർന്നു. ഊഹക്കച്ചവടക്കാർ ഷോർട്ട് കവറിംഗിന് നീക്കം നടത്തിയത് ഓപ്പൺ ഇന്ററസ്റ്റിൽ കുറവ് വരുത്തി. ഓപ്പൺ ഇന്ററസ്റ്റ് 166 ലക്ഷം കരാറുകളിൽ നിന്ന് 156 ലക്ഷം കരാറായി കുറഞ്ഞു. നിലവിലെ സാഹചര്യത്തിൽ 25,524 വരെ മുന്നേറാൻ ശ്രമം നടത്താം. ഓപ്പറേറ്റർമാർ ഷോർട്ട് കവറിംഗിന് മുതിർന്നാൽ 25,724-26,000 ലേക്ക് ദീപാവലി ആലോഷങ്ങൾക്ക് മുന്നേ ഒക്ടോബർ സീരീസ് ചുവടുവയ്ക്കാം.
സെൻസെക്സ് 81,904 പോയിന്റിൽനിന്നും 83,743ലെ പ്രതിരോധം ശക്തമായ ഫണ്ട് ബയിംഗിൽ തകർത്ത് സൂചിക 83,080 പോയിന്റ് വരെ കയറിയ ശേഷം വാരാന്ത്യം 82,626ലാണ്. സൂചികയുടെ ചലനങ്ങൾ കണക്കിലെടുത്താൽ 83,214ലേക്കും തുടർന്ന് 83,802ലേക്കും ഉയരാം. വിപണിയുടെ അടിയൊഴുക്ക് കണക്കിലെടുത്താൽ 85,113ലേക്ക് ഒക്ടോബറിൽ മുന്നേറാം.
വിദേശ ഓപ്പറേറ്റർമാർ വിൽപ്പനതോത് കുറച്ച് വീണ്ടും വാങ്ങലിന് രംഗത്ത് സജീവമാകുന്നു. കഴിഞ്ഞവാരം അവർ 1065.73 കോടി രൂപയുടെ ഓഹരികൾ ശേഖരിച്ചു, മൂന്ന് ദിവസങ്ങളിലായി ശരാശരി 350 കോടിയുടെ നിക്ഷേപം നടത്തി. രണ്ട് ദിവസങ്ങളിലായി അവർ 2393.13 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ തുടർച്ചയായ 22-ാം വാരത്തിലും വാങ്ങലുകാരായി ഉറച്ചു നിൽക്കുകയാണ്. അവർ മൊത്തം 11,173.37 കോടി രൂപയുടെ നിക്ഷേപം നടത്തി. സെപ്റ്റംബറിൽ അവർ നിക്ഷേപിച്ചത് 38,319.69 കോടി രൂപയാണ്.
വിനിമയ വിപണിയിൽ രൂപയുടെ മൂല്യത്തകർച്ചയെ താത്ക്കാലികമായി പിടിച്ചു നിർത്താനായി. ഡോളറിന് മുന്നിൽ രൂപ 88.45ൽനിന്നും 87.63ലേക്ക് വാരാമധ്യം ശക്തിപ്രാപിച്ചെങ്കിലും പിന്നീട് മൂല്യം കുറഞ്ഞ് വാരാന്ത്യം 88.10ലാണ്.
രാജ്യാന്തര വിപണിയിൽ സ്വർണം ഒടുവിൽ 3700നെ ചുംബിച്ചു. ട്രോയ് ഔൺസിന് 3641 ഡോളറിൽ നിന്നും 3704 ഡോളർ വരെ ഉയർന്ന് റിക്കാർഡ് സ്ഥാപിച്ച ശേഷം ക്ലോസിംഗിൽ 3684 ഡോളറിലാണ്. ഉയർന്ന റേഞ്ചിലെ ലാഭമെടുപ്പാണ് വാരാന്ത്യം മഞ്ഞലോഹത്തെ അൽപ്പം തളർത്തിയത്. സ്വർണം ബുള്ളിഷ് മൂഡിൽ നിലകൊള്ളുന്നതിനാൽ വർഷാന്ത്യത്തിന് മുന്നേ 3824 വരെ സഞ്ചരിക്കാനുള്ള കരുത്ത് വിപണിക്ക് കണ്ടെത്താനാവും.
ഡെയ്ലി ചാർട്ട് വിലയിരുത്തിയാൽ 3553 ഡോളറിലെ സപ്പോർട്ട് നിലനിൽക്കുവോളം പുതിയ ഉയരങ്ങൾ കീഴടക്കാനുള്ള പ്രവണത സ്വർണം നിലനിർത്തും. പിന്നിട്ട മുപ്പത് ദിവസത്തിനിടയിൽ 313 ഡോളർ ഉയർന്നു. ഒരു വർഷ കാലയളവിൽ സ്വർണ വില 40 ശതമാനം വർധിച്ചു, അതായത് ട്രോയ് ഔൺസിന് 1062 ഡോളർ. ആഗോള സ്വർണ വിപണിയുടെ ചരിത്രത്തിൽ ഇത്തരം ഒരു കുതിച്ചുചാട്ടം നിക്ഷേപകർ ആദ്യമായാണ് ദർശിക്കുന്നത്.