നിക്ഷേപകരേ ഇതിലേ ഇതിലേ... കേരളം നിക്ഷേപകസൗഹൃദം
Monday, September 22, 2025 1:23 AM IST
കൊച്ചി: വിദേശനിക്ഷേപം ആകര്‍ഷിക്കുന്നതിനും വിജ്ഞാനാധിഷ്ഠിത സമൂഹമായി മാറുന്നതിനുമുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ക്ക് ഊര്‍ജം പകരാന്‍ അമേരിക്കയിലെ ന്യൂജേഴ്സിയില്‍നിന്നു നിക്ഷേപകരെ ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കൊച്ചി ഗ്രാന്‍ഡ് ഹയാത്തില്‍ ന്യൂജേഴ്സി ഗവര്‍ണര്‍ ഫില്‍ മര്‍ഫിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ നിക്ഷേപസാധ്യതകള്‍ വിലയിരുത്തുന്നതിനാണ് ഫില്‍ മര്‍ഫിയുടെ നേതൃത്വത്തിലുള്ള ഉന്നതതലസംഘം കൊച്ചിയിലെത്തിയത്. കേരളത്തിന്റെയും ന്യൂജേഴ്സിയുടെയും വികസനരംഗത്തെ സമാനതകള്‍ ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, നിക്ഷേപങ്ങള്‍ക്കും വിദ്യാഭ്യാസമേഖലയിലെ സഹകരണത്തിനും വലിയ സാധ്യതകളുണ്ടെന്നു വ്യക്തമാക്കി.
ടൂറിസം, വ്യവസായം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ കേരളം ഇന്നു നിക്ഷേപകര്‍ക്ക് പ്രിയപ്പെട്ട ഇടമാണ്.
നൂറുശതമാനം സാക്ഷരതയും പ്രകൃതിസൗന്ദര്യവും കൂടാതെ വ്യവസായം തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കിയതും നിക്ഷേപകരെ ആകര്‍ഷിക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നാലു വിമാനത്താവളങ്ങളും 18 തുറമുഖങ്ങളുമുണ്ട്.
അമേരിക്കയിലെ അക്കാദമിക് വിദഗ്ധരുമായി സഹകരിക്കുന്നതിനും മികച്ച മാതൃകകള്‍ പഠിക്കുന്നതിനും താത്പര്യമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിന്റെ പ്രകൃതിഭംഗി ആസ്വദിക്കാന്‍ കൂടുതല്‍ വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യുകയും ചെയ്തു. ന്യൂജേഴ്സിയും കേരളവും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുമെന്നും വ്യവസായം, ഉന്നതവിദ്യാഭ്യാസം, ജീവകാരുണ്യം, വ്യക്തിഗത ബന്ധങ്ങള്‍ തുടങ്ങി വിവിധ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഫില്‍ മര്‍ഫി വ്യക്തമാക്കി.
മന്ത്രി പി. രാജീവ്, മേയര്‍ എം. അനില്‍കുമാര്‍, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.