സൂപ്പര്‍ ഇന്ത്യ
Monday, September 22, 2025 1:53 AM IST
ദുബായ്: ഹസ്തദാനമില്ലാതെ ക്യാപ്റ്റന്മാര് തുടങ്ങിവച്ച ഏഷ്യ കപ്പ് സൂപ്പര്‍ ഫോര്‍ ഇന്ത്യ x പാക് മത്സരത്തില്‍ പാക്കിസ്ഥാനെ ഏഴ് പന്തുകൾ ബാക്കിനിൽക്കേ ആറ് വിക്കറ്റിന് തകർത്ത് ഇന്ത്യ. ടൂർണമെന്റിൽ തുടർച്ചയായ രണ്ടാം തവണയാണ് ഇന്ത്യ പാക്കിസ്ഥാനെ അടിയറവ് പറയിക്കുന്നത്. പാക്കിസ്ഥാൻ ഉയർത്തിയ 172 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ അഭിഷേക് ശർമ (74), ശുഭ്മാൻ ഗിൽ (47) ഓപ്പണിംഗ് ജോഡികളുടെ മിന്നും പ്രകടനത്തിന്റെ ബലത്തിൽ അനായാസം മറികടന്നു. സൂര്യ കുമാർ യാദവ് (0) സഞ്ജു സാംസണ് (13) നിരാശപ്പെടുത്തിയെങ്കിലും തിലക് വർമ (30*) ഹാർദിക് പാണ്ഡ്യ (ഏഴ്*) ചേർന്ന് ലക്ഷ്യം ഭേദിച്ചു.

45 പന്തില്‍ മൂന്നു സിക്സും അഞ്ച് ഫോറും അടക്കം 58 റണ്‍സ് നേടിയ സാഹിബ്സാദ ഫര്‍ഹാന്റെ മികവില്‍ പാക്കിസ്ഥാന് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടി. സ്കോർ: പാക്കിസ്ഥാൻ: 20 ഓവറിൽ 171/5. ഇന്ത്യ 18.5 ഓവറിൽ 174/4.
ക്യാച്ചുകള്‍ കളഞ്ഞു
ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ മൂന്നു ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയതാണ് മത്സരത്തില്‍ ഏറ്റവും ദയനീയമായത്. ഹാര്‍ദിക് പാണ്ഡ്യ എറിഞ്ഞ ഇന്നിംഗ്സിലെ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ സാഹിബ്സാദ ഫര്‍ഹാനെ അഭിഷേക് ശര്‍മ വിട്ടുകളഞ്ഞു. വരുണ്‍ ചക്രവര്‍ത്തി എറിഞ്ഞ എട്ടാം ഓവറിന്റെ മൂന്നാം പന്തില്‍ ഫര്‍ഹാന്റെ ക്യാച്ച് രണ്ടാം വട്ടവും അഭിഷേക് നഷ്ടപ്പെടുത്തി. വരുണിന്റെ ഓവറില്‍ സയിം അയൂബിനെ കുല്‍ദീപ് യാദവും വിട്ടുകളഞ്ഞു.
ഹാര്‍ദിക് രണ്ടാമന്
ഇന്ത്യക്കായി രാജ്യാന്തര ട്വന്റി-20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് സ്വന്തമാക്കുന്ന രണ്ടാമത്തെ താരമായി പേസ് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. 96 വിക്കറ്റ് വീഴ്ത്തിയ യുസ്വേന്ദ്ര ചഹലിനെ ഹാര്‍ദിക് (97) പിന്തള്ളി. 100 വിക്കറ്റുള്ള അര്‍ഷദീപ് സിംഗാണ് ഒന്നാമത്.
ബുംറ 4 ഓവറില്‍ 45!
ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയെ പാക് താരങ്ങള്‍ ശരിക്കും തല്ലിത്തകര്‍ത്തു. നാല് ഓവറില്‍ 45 റണ്‍സാണ് ബുംറ വഴങ്ങിയത്. വിക്കറ്റ് നേടാന്‍ സാധിച്ചുമില്ല. അവസാന 13 ട്വന്റി-20 ഇന്നിംഗ്സില്‍ ആദ്യമായാണ് ബുംറ 30 റണ്‍സില്‍ അധികം വഴങ്ങുന്നത്.
ഹസ്തദാനമില്ല...
ഏഴാംപക്കം ഇരുടീമും വീണ്ടും മുഖാമുഖം ഇറങ്ങിയപ്പോഴും ഹസ്തദാനം നടന്നില്ല. ഇന്നലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും പാക് ക്യാപ്റ്റന്‍ സല്മാന് അലി അഗയും ഹസ്താദനം നടത്തിയില്ലെന്നു മാത്രമല്ല, കഴിഞ്ഞ ഞായറാഴ്ച ഇരുടീമിന്റെയും മത്സരം നിയന്ത്രിച്ച പൈക്രോഫ്റ്റ് തന്നെയായിരുന്നു മാച്ച് റഫറി.
എകെ 47 നിമിഷം
പാക് ഇന്നിംഗ്സിലെ 10-ാം ഓവറില്‍ സാഹിബ്സാദ ഫര്ഹാന് അര്‍ധസെഞ്ചുറി തികച്ചു. അക്സര്‍ പട്ടേലിന്റെ ഷോര്‍ട്ട് ഡെലിവറി ഡീപ് മിഡ് വിക്കറ്റിനു മുകളിലൂടെ സിക്സര്‍ പറത്തിയായിരുന്നു ഫര്‍ഹാന്റെ അര്‍ധസെഞ്ചുറി. തുടര്‍ന്ന് ബാറ്റുപയോഗിച്ച് ഗണ്‍ ഫയര്‍ ആക്ഷനും 28കാരനായ താരം നടത്തി. ഫര്‍ഹാന്റെ അപ്രതീക്ഷിത ആഹ്ലാദ പ്രകടനം ഗാലറിയെയും കമന്റേറ്റര്മാരെയുംവരെ അദ്ഭുതപ്പെടുത്തി.
ഇന്ത്യ x പാക്കിസ്ഥാന് പോരാട്ടത്തിന്റെ യുദ്ധസമാനത വെളിപ്പെടുത്തുന്നതായിരുന്നു ഫര്‍ഹാന്റെ ആക്ഷന്‍ എന്ന വിലയിരുത്തലുമുണ്ടായി.