ബൈ, ബൈ ഷെല്ലി
Monday, September 22, 2025 1:53 AM IST
ടോക്കിയോ: ജമൈക്കിന് ഇതിഹാസ വനിതാ സ്പ്രിന്റന് ഷെല്ലി ആന്‍ ഫ്രേസര്‍ തന്റെ കായിക കരിയറിനു വിരാമമിട്ടു. 2025 ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വനിതാ വിഭാഗം 4x100 മീറ്റര്‍ റിലേയില്‍ വെങ്കലം നേടിക്കൊണ്ടാണ് തന്റെ വര്‍ണാഭമായ കരിയറിന് ഷെല്ലി വിരാമമിട്ടത്.
18 വര്‍ഷം നീണ്ട അത്ലറ്റിക് ജീവിതത്തിനിടെ 25 ഗ്ലോബര്‍ പോഡിയം ഫിനിഷ് നടത്തി. ഒളിമ്പിക്, ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പുകളില്‍ മാത്രമാണിത്. 38കാരിയായ ഷെല്ലിക്ക് ലോക ചാമ്പ്യന്‍ഷിപ്പില്‍ മാത്രം 17 മെഡലുണ്ട്. അതില്‍ 10 എണ്ണവും സ്വര്‍ണമാണ്. വക്കീല്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അടുത്ത ലക്ഷ്യമെന്ന് ഷെല്ലി പറഞ്ഞു. സ്ത്രീകള്‍ക്കും കായിക താരങ്ങള്‍ക്കും പിന്തുണ നല്‍കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അമ്മയായശേഷം ട്രാക്കില്‍ തിരിച്ചെത്തി ലോക ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി 100 മീറ്റര്‍ സ്വര്‍ണം നേടിയ ചരിത്രവും ഷെല്ലിക്കുണ്ട്. 35-ാം വയസില്‍ 2022 യൂജിന്‍ ലോക ചാമ്പ്യന്‍ഷിപ്പ് വനിതാ 100 മീറ്ററില്‍ സ്വര്‍ണം സ്വന്തമാക്കി. അതോടെ ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ഏറ്റവും പ്രായമുള്ള താരമെന്ന, 2019ല്‍ കുറിച്ച സ്വന്തം റിക്കാര്‍ഡ് തിരുത്തി.
ബോട്സ്വാന 4x400 ചാന്പ്യൻ
ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ 4x400 മീറ്ററിലെ അമേരിക്കന്‍ കുത്തക അവസാനിപ്പിച്ച് ബോട്സ്വാനയുടെ സ്വര്‍ണനേട്ടം. റീ റണ്‍ നടത്തിയായിരുന്നു യുഎസ്എ ഫൈനലില്‍ എത്തിയതെന്നതും ശ്രദ്ധേയം.
ശനിയാഴ്ച നടന്ന ഹീറ്റ്സില്‍ സാംബിയന്‍ താരങ്ങള്‍ ബാറ്റണ്‍ കൈമാറുന്നതിനിടെ അമേരിക്ക, കെനിയ താരങ്ങള്‍ക്ക് തടസമായെന്നു കണ്ടെത്തിയതിനാലാണിത്. കെനിയ, യുഎസ്എ ടീമുകളെ മാത്രം പങ്കെടുപ്പിച്ച് നടത്തിയ റീ റണ്ണില്‍ ജയിച്ചാണ്, അമേരിക്ക ഫൈനലില്‍ എത്തിയത്.
2025 ലോക ചാമ്പ്യന്‍ഷിപ്പിലെ അവസാന ഇനമായ 4x400 മീറ്ററില്‍ 2:57.76 സെക്കന്‍ഡിലായിരുന്നു ബോട്സ്വാനയുടെ സ്വര്‍ണ ഫിനിഷിംഗ്. അമേരിക്ക വെള്ളിയും ദക്ഷിണാഫ്രിക്ക വെങ്കലവും സ്വന്തമാക്കി.
അമേരിക്കന്‍ ആധിപത്യം
തുടര്‍ച്ചയായ അഞ്ചാം തവണയും ലോക ചാമ്പ്യന്‍ഷിപ്പ് മെഡല്‍ പട്ടികയില്‍ അമേരിക്ക ഒന്നാം സ്ഥാനം നിലനിര്‍ത്തി. 16 സ്വര്‍ണം, അഞ്ച് വെള്ളി, അഞ്ച് വെങ്കലം എന്നിങ്ങനെ 26 മെഡലുകളാണ് അമേരിക്ക സ്വന്തമാക്കിയത്. കെനിയയാണ് (ഏഴ് സ്വര്‍ണം, രണ്ട് വെള്ളി, രണ്ട് വെങ്കലം) രണ്ടാം സ്ഥാനത്ത്. ഇന്ത്യക്കു മെഡല്‍ പട്ടികയില്‍ ഇടം നേടാന്‍ സാധിച്ചില്ല.