പുതിയ അപേക്ഷകൾക്കു മാത്രം അധികനിരക്ക് ; എച്ച്-1 ബി വീസയിൽ വിശദീകരണവുമായി യുഎസ്
Monday, September 22, 2025 1:40 AM IST
വാഷിംഗ്ടൺ ഡിസി: യുഎസിൽ ഉയർന്ന സാങ്കേതിക വൈദഗ്ധ്യം നേടിയവർക്കു തൊഴിൽ ചെയ്യുന്നതിനുള്ള എച്ച്-1 ബി വീസയിലെ നിരക്ക് വർധനയിൽ കൂടുതൽ വിശീദകരണവുമായി ട്രംപ് ഭരണകൂടം. പുതിയ അപേക്ഷകൾക്കു മാത്രമാണ് നിരക്കുവർധന ബാധകം.
അപേക്ഷ അനുവദിക്കുന്ന ഘട്ടത്തിൽ ഒറ്റത്തവണയാണ് ഒരുലക്ഷം യുഎസ് ഡോളർ നൽകേണ്ടതെന്നും യുഎസ് സിറ്റിസൺസ്ഷിപ്പ് ആൻഡ് എമിഗ്രേഷൻ സർവീസസ് (യുഎസ്സിഐഎസ്) വ്യക്തമാക്കി. വാർഷിക ഫീസായി ഒരു ലക്ഷം യുഎസ് ഡോളർ വീതം നൽകേണ്ടിവരും എന്നു വ്യാഖ്യാനങ്ങളുണ്ടായിരുന്നു.
രണ്ടര മുതല്‍ അഞ്ച് ലക്ഷം രൂപയായിരുന്ന ഫീസാണ് കഴിഞ്ഞദിവസം കുത്തനെ ഉയര്‍ത്തിയത്. ഇതുസംബന്ധിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുറത്തിറക്കിയ ഉത്തരവ് ഇന്നലെ പ്രാബല്യത്തിൽവന്നു. യുഎസില്‍ നിലവിലുള്ള എച്ച്1ബി വീസക്കാരില് 71 ശതമാനം ഇന്ത്യക്കാരാണ്. പുതിയ വിശദീകരണം ഇന്ത്യക്കാരുൾപ്പെടെ പതിനായിരങ്ങൾക്ക് ആശ്വാസമാണ്.
ഇപ്പോഴുള്ള എച്ച്-1ബി വീസ ഉടമകൾ യുഎസിലേക്ക് തിരിച്ചെത്തുന്നതിന് അധിക നിരക്ക് നൽകേണ്ടിവരില്ല. ഇവർക്കു യുഎസിൽ താമസിക്കുന്നതിനും പുറത്തുപോകുന്നതിനും തിരികെ വരുന്നതിനും തടസങ്ങളുമില്ലെന്നും ട്രംപ് ഭരണകൂടം വ്യക്തമാക്കി. ഐടി പ്രഫഷണലുകൾ, ശാസ്ത്രജ്ഞര്‍, എന്‍ജിനിയര്‍മാര്‍ തുടങ്ങി പ്രത്യേക വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികളെ സ്പോണ്സര് ചെയ്യാന്‍ കമ്പനികളെ അനുവദിക്കുന്നതിന്റെ ഭാഗമായാണു വീസ നൽകിയിരുന്നത്. തുടക്കത്തില്‍ മൂന്ന് വര്‍ഷത്തേക്ക് അനുവദിക്കുന്ന വീസ പിന്നീട് ആറുവർഷംവരെ നീട്ടിനൽകും. കഴിഞ്ഞവർഷം യുഎസ് ഏകദേശം 400,000 എച്ച്-1ബി വീസകള്‍ക്ക് അംഗീകാരം നല്കി. ഇതില്‍ വലിയൊരു വിഭാഗം ഇന്ത്യക്കാർക്കായിരുന്നു.
യുഎസിലെ തൊഴിലാളികൾക്ക് ആദ്യപരിഗണന ലക്ഷ്യമിട്ട് പ്രസിഡന്റ് ട്രംപിന്റെ നിർദേശപ്രകാരമാണു നിരക്കു വർധനയെന്ന് വൈറ്റ്ഹൗസ് വക്താവ് ടെയ്ലർ റോജേഴ്സ് പ്രതികരിച്ചു. എച്ച്-1ബി വീസകള്‍ പുതുതായി നല്‍കുന്നത് നിയന്ത്രിക്കുകയും ലക്ഷ്യമാണ്-അദ്ദേഹം പറഞ്ഞു.