വിശുദ്ധ ദേവസഹായം പിള്ള അല്മായരുടെ മധ്യസ്ഥൻ
Sunday, September 21, 2025 1:02 AM IST
വത്തിക്കാന്‍ സിറ്റി: ക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രതി രക്തസാക്ഷിത്വം വരിച്ച വിശുദ്ധ ദേവസഹായം പിള്ളയെ ഭാരതത്തിലെ അല്മായരുടെ മധ്യസ്ഥനായി ലെയോ പതിനാലാമൻ മാർപാപ്പ പ്രഖ്യാപിച്ചു.
ഭാരത ലത്തീന്‍ കത്തോലിക്കാ മെത്രാന് സമിതിയായ കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്സ് ഓഫ് ഇന്ത്യ (സിസിബിഐ) സമർപ്പിച്ച നിവേദനത്തെത്തുടർന്നാണ് ദൈവാരാധനയ്ക്കും കൂദാശകള്‍ക്കുംവേണ്ടിയുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററി മാർപാപ്പയുടെ അംഗീകാരത്തോടെ തീരുമാനം പ്രഖ്യാപിച്ചത്. അടുത്ത മാസം 15ന് വാരണാസിയിലെ സെന്റ് മേരീസ് കത്തീഡ്രലിൽ നടക്കുന്ന വിശുദ്ധ കുര്‍ബാനമധ്യേ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടക്കും.
എല്ലാ രൂപതകളിലും ഇടവകകളിലും ഈ ചരിത്രനിമിഷം ആഘോഷിക്കാനും രാജ്യത്തുടനീളം വിശുദ്ധ ദേവസഹായം പിള്ളയോടുള്ള വണക്കവും മധ്യസ്ഥസഹായവും പ്രോത്സാഹിപ്പിക്കാനും സിസിബിഐ പ്രസിഡന്റ് കർദിനാൾ ഫിലിപ്പ് നേരി ഫെറാവോ ആഹ്വാനം ചെയ്തു.
ദേവസഹായം പിള്ളയെ രക്തസാക്ഷിപദവിയിലേക്ക് ഉയർത്താനുള്ള നടപടികൾക്ക് 2012ൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ അംഗീകാരം ലഭിച്ചു. 2012 ഡിസംബർ രണ്ടിന് അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 2022 മേയ് 15ന് ഫ്രാന്‍സിസ് മാർപാപ്പ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തി.