യുക്രെയ്നിൽ റഷ്യൻ വ്യോമാക്രമണം; പോളണ്ടും നാറ്റോയും വിമാനങ്ങൾ വിന്യസിച്ചു
Saturday, September 20, 2025 11:25 PM IST
കീവ്: റഷ്യൻ സേന യുക്രെയ്നിൽ വ്യോമാക്രമണം നടത്തുന്നതിനിടെ പോളണ്ടും നാറ്റോ സഖ്യകക്ഷികളും യുദ്ധവിമാനങ്ങൾ വിന്യസിച്ചു. റഷ്യൻ യുദ്ധവിമാനങ്ങളും ഡ്രോണുകളും നാറ്റോ രാജ്യങ്ങളുടെ വ്യോമാതിർത്തി ലംഘിക്കുന്നത് വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ പോളണ്ടിന്റെ സുരക്ഷ ഉറപ്പാനായിരുന്നിത്.
ശനിയാഴ്ച പുലർച്ചെ മൂന്നര മുതൽ അഞ്ചുവരെ ആയിരുന്നു റഷ്യൻ ആക്രമണം. ഈസമയത്ത് യുദ്ധ വിമാനങ്ങൾ വിന്യസിച്ചതിനു പുറമേ വ്യോമപ്രതിരോധ സംവിധാനങ്ങൾ ജാഗ്രത പുലർത്തിയെന്നും പോളിഷ് വൃത്തങ്ങൾ അറിയിച്ചു.
ഒന്നരയാഴ്ച മുന്പ് റഷ്യൻ സേന യുക്രെയ്നു നേർക്കു തൊടുത്ത ഡ്രോണുകൾ പോളിഷ് വ്യോമാതിർത്തിയിൽ പ്രവേശിച്ചിരുന്നു. ഡ്രോണുകളിൽ ചിലത് പോളണ്ട് വെടിവച്ചിടുകയുമുണ്ടായി.
വെള്ളിയാഴ്ച മൂന്ന് റഷ്യൻ യുദ്ധവിമാനങ്ങൾ നാറ്റോ സഖ്യകക്ഷിയായ എസ്തോണിയയുടെ വ്യോമാതിർത്തിയിൽ പ്രവേശിച്ചിരുന്നു. വേഗത കൂടിയ മിഗ് -31 വിമാനങ്ങൾ 12 മിനിട്ട് എസ്തോണിയൻ ആകാശത്തു സഞ്ചരിച്ചു. എന്നാൽ അന്താരാഷ്ട്ര മേഖലയിൽ കൂടിയാണ് വിമാനങ്ങൾ പറന്നതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം പ്രതികരിച്ചു.